ദില്ലി: സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുളള നവമാധ്യമ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സി വരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ക്കണ്ടാണ്  സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സിയുടെ  സഹായം തേടാനുളള തീരുമാനം. മുഖ്യമന്ത്രി അധ്യക്ഷനായ യോഗമാണ് കൊവിഡ് പ്രതിസന്ധിക്കിടെ അധിക ചെലവ് ഉണ്ടാകാന്‍ ഇടയുളള തീരുമാനം കൈക്കൊണ്ടത്.

പിആര്‍ സര്‍ക്കാര്‍ എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സി തന്നെ വേണമെന്ന തീരുമാനത്തിലേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ എത്തുന്നത്. ഇക്കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ സഹായം തേടാന്‍ തീരുമാനിച്ചത്. 

പൊതുജനസമ്പര്‍ക്ക വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഞ്ചംഗ സമിതിയ്ക്കാണ് ദേശീയ ഏജന്‍സിയെ കണ്ടെത്താനുളള ചുമതല. നിലവില്‍ സര്‍ക്കാരിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുജനസമ്പര്‍ക്ക വിഭാഗമാണ്. പിആര്‍ഡിയുടെ നവമാധ്യമ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന  ഏജന്‍സിയുടെ സഹായം വേണമെന്നുമുളള വിലയിരുത്തലോടെയാണ് സ്വകാര്യ ഏജന്‍സിയെ കണ്ടെത്താനുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

നവമാധ്യമ പ്രചാരണത്തിനായി മാത്രം മുഖ്യമന്ത്രിയുടെ ഓഫിസില്‍ 12 പേരെയാണ് സിഡിറ്റ് മുഖേന നിയമിച്ചിട്ടുളളത്. ഇവരെ സ്ഥിരപ്പെടുത്താനുളള നീക്കം അടുത്തിടെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ഏജന്‍സിയുടെ കൂടി സഹായം തേടാനുളള തീരുമാനം. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സ്വകാര്യ ഏജന്‍സിയെ നിയമിക്കുന്നത് ധൂര്‍ത്താണെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.