തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞവർക്കെല്ലാം കോവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നാട്ടിലെത്തി ഒരുമാസം കഴിഞ്ഞിട്ടും ചിലരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നും ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ആരോഗ്യവിദഗ്ധരും മുന്നറയിപ്പ് നല്‍കുന്നുണ്ട്.

ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. പക്ഷേ വിദേശത്ത് നിന്ന് നാട്ടിലെത്തിയവരില്‍ ഇപ്പോഴും രോഗം സ്ഥീരിക്കുന്നത്  ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. നാട്ടിലെത്തിയവരില്‍ കോവിഡ് ലക്ഷണമില്ലാത്തവ‍ർക്ക് 14 ദിവസമാണ് നിരീക്ഷണ കാലാവധി. എന്നാല്‍ വൈറസ് ബാധയുള്ളവരില്‍ 80 ശതമാനം പേരിലും ഈ കാലയളവില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. 

ചിലരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 27 ദിവസം വരെ എടുക്കും. ഇവരുടെ പരിശോധന ഫലം വരുന്നത് 30 ദിവസം പിന്നിടുമ്പോഴാകും. ഇതാണ് ഇപ്പോഴത്ത അസാധാരണ സാഹചര്യത്തിന് പിന്നിലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.

സമൂഹത്തില്‍ 50 ശതമാനത്തിലേറെ പേര്‍ വൈറസ് ബാധയേറ്റ് പ്രതിരോധം ശേഷി കൈവിരക്കുകയോ, അല്ലെങ്കില്‍ വാക്സിന്‍ കണ്ടുപിടിച്ചാലോ മാത്രമേ ഈ ഭീഷണി ഒഴിവാകൂ. അതിനാല്‍ കോവിഡീന്‍റെ ശൃംഖല പടരാതിരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി മുന്നോട്ട് പോകണമെന്നാണ് വിദ​ഗദ്ധ‍ർ നൽകുന്ന മുന്നറിയിപ്പ്.