ശബരിമലയിൽ റോപ് വേ പദ്ധതിയുമായി സർക്കാര്‍ മുന്നോട്ട്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ റവന്യൂ ഭൂമി കൈമാറി സർക്കാർ ഉത്തരവിറക്കി
പത്തനംതിട്ട: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ശബരിമല റോപ് വേ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ റവന്യൂ ഭൂമി കൈമാറി സർക്കാർ ഉത്തരവിറക്കി. ഇതോടെ പദ്ധതിയുടെ പ്രധാന തടസം മാറി. വനംവകുപ്പിന്‍റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കുന്ന റോപ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
14 വർഷമായി ഭൂമി തര്‍ക്കം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് നിലച്ചുപോയ പദ്ധതിക്കാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ യഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് സാധാനങ്ങൾ കൊണ്ടുപോകാൻ റോപ് വേക്ക് ശുപാർശ ചെയ്തത്. 2011 ൽ ആഗോള ടെണ്ടർ വിളിച്ച് ഒരു കമ്പനിയുമായി കരാർ ഉറപ്പിച്ചു. തുടര്‍ന്ന് വന ഭൂമി കണ്ടെത്താൻ ഹൈക്കോടതി അഭിഭാഷ കമ്മീഷനെ നിയമിച്ചു.
പദ്ധതിക്ക് ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകാൻ ദേവസ്വം മന്ത്രി അപേഷ നൽകി. ഇടുക്കി ചിന്നക്കനാലിൽ ആദ്യം റവന്യൂ ഭൂമി കണ്ടെത്തിയെങ്കിലും തർക്കം കാരണം കൈമാറ്റം മുടങ്ങി. പിന്നീട് ദേവസ്വം മന്ദ്രി വിഎൻ വാസവൻ മുൻകൈയെടുത്ത് തുടർച്ചയായി വനം-റവന്യൂ വകുപ്പുമായി യോഗം ചേര്‍ന്നു. റോപ് വേ പദ്ധതി നടപ്പാക്കുന്നതിലെ തര്‍ക്കം പരിഹരിക്കാൻ മന്ത്രി വിഎൻ വാസവന്‍റെ ഇതുവരെയായി 16 തവണയാണ് യോഗം വിളിച്ചിരുന്നത്.
പദ്ധതിക്കായി വേണ്ട 4.5336 ഹെക്ടർ വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ രണ്ട് യൂണിറ്റുകളിലായി 4.5336 ഹെക്ടര്‍ റവന്യു ഭൂമി കൈമാറാമെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനംവകുപ്പിന്‍റെ പേരിൽ പോക്കുവരവ് ചെയ്തു നൽകുന്നതിനായി കൈമാറികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം പരിഹാര വനവത്കരണത്തിനായിട്ടാണ് ഈ ഭൂമി വനംവകുപ്പിന് കൈമാറുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയാൽ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താനാകും.
പതിറ്റാണ്ടുകള്‍ മുമ്പ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ലിടൽ ഈ തീര്‍ത്ഥാടന സീസണിൽ തന്നെ ഇടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ നേരത്തെ ആരംഭിച്ചിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രാഥമിക രൂപരേഖ അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന ആരംഭിച്ചിരുന്നത്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്കുനീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേ ഉപയോഗിക്കാനാകും.
പമ്പ ഹിൽടോപ്പിൽ നിന്ന് തുടങ്ങി മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കും വിധമാണ് നിർദ്ദിഷ്ട റോപ് വേ. പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകളാണ് നിര്‍മിക്കേണ്ടത്. 12 മീറ്റർ വീതിയിലായിരിക്കും റോപ് വേ. ടവറുകൾ ഉയരംകൂട്ടി നിർമ്മിക്കുന്നതിനാൽ വനത്തിലെ 50 മരങ്ങൾ മാത്രം മുറിച്ചുമാറ്റിയാൽ മതി. പദ്ധതി പൂർത്തിയാക്കുമ്പോൾ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതമാകും.
റോപ് വേ വന്നാൽ ട്രാക്ടറിലുള്ള ചരക്ക് നീക്കം കാര്യമായി കുറയും. അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേയെ ഉപയോഗപ്പെടുത്താനാകും. 2.8 കിലോമീറ്റർ നീളംവരുന്ന റോപ് വേ നിർമ്മാണത്തിന് 150 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2011 ലാണ് റോപ് വേ നിർമ്മാണത്തിന് നടപടി തുടങ്ങിയത്. 19 ൽ ആദ്യസർവേ നടന്നെങ്കിലും വനംവകുപ്പ് എതിർത്തു. പുതുക്കിയ അലൈൻമെന്‍റ് വനംവകുപ്പിനും സ്വീകാര്യമാണ്.
2.8 കിലോമീറ്റർ നീളം, 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ; ശബരിമലയിൽ റോപ്‍വേ നിർമാണത്തിന് സർവേ തുടങ്ങി

