Asianet News MalayalamAsianet News Malayalam

സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ സർക്കാർ; പഠനസൌകര്യമില്ലാത്ത വിദ്യാർത്ഥികൾ നിരവധി

സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. 

Government to launch  online classes for special school students
Author
Kerala, First Published Jun 20, 2020, 9:35 AM IST

തിരുവനന്തപുരം: സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. എന്നാൽ ഓൺലൈൻ പഠന ഉപകരണങ്ങളില്ലാതെ നിരവധി ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. സ്പെഷ്യൽ സ്കൂളുകളിലെ 1850 കുട്ടികൾക്ക് ഓൺലൈൻപഠന സൗകര്യമില്ല.

സ്കൂളിൽ പോകാൻ വലിയ ഇഷ്ടമായിരുന്നു രാഹുലിന്. എന്നാൽ കൊവിഡ് വന്നതോടെ കൊച്ചി തേവരയിലുള്ള വീട്ടിൽ അമ്മ ജെസ്സി മാത്രമായി കളിക്കൂട്ടുകാരി.വീട്ടിൽ മാത്രം ഇരിക്കുന്നതിന്‍റെ മടുപ്പ് സങ്കടമായും ചിലപ്പോൾ ദേഷ്യമായും രാഹുൽ അമ്മയോട് പറയും. മകനെ പോലെ ഉള്ളവർക്കുള്ള ഓൺലൈൻ ക്ലാസുകൾക്ക് സർക്കാർ നടപടി തുടങ്ങിയെന്ന അറിയിപ്പ് അമ്മ ജെസ്സിക്കും കിട്ടി. ക്ലാസുകൾ തുടങ്ങുന്നതിൽ ആശ്വാസമെങ്കിലും ഈ അമ്മക്കിപ്പോൾ ആധിയാണ്.

സംസ്ഥാനത്ത് 230 സ്പെഷൽ സ്കൂളുകളിലായി 21,124 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 1850 കുട്ടികൾക്ക് വീട്ടിൽ ഓൺലൈൻ പഠന സൗകര്യമില്ല. പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ബഡ്സ് സ്കൂളുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. കോട്ടയം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഈ - സൗകര്യമില്ലാത്ത 200 അധികം വിദ്യാർത്ഥികളാണ് ഉള്ളത്.

സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചർച്ചകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുടരുകയാണ്.പൊതുവിദ്യാലയങ്ങളിലെത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വൈറ്റ് ബോർഡ് യു ട്യൂബ് ചാനൽ വഴി സർക്കാർ ക്ലാസുകൾ തുടങ്ങി.ചുരുക്കം ചില സ്പെഷൽ സ്കൂളുകൾ മാത്രമാണ് സ്വന്തം നിലക്ക് ക്ലാസുകൾ തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios