തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങൾ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . 1966 ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളിൽ പതിനഞ്ച് സെന്‍റും ആയിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കിൽ അത് ഉടമകൾക്ക് തന്നെ നൽകാനാണ് തീരുമാനം എടുത്തിട്ടുള്ളത് . എന്നാൽ സംസ്ഥാനത്ത് മറ്റെവിടേയും ഭൂമിയോ കെട്ടിടമോ ഇല്ലെന്ന് ഉറപ്പാക്കി മാത്രമെ ഈ ഇളവിന് പരിഗണിക്കു എന്ന വ്യവസ്ഥയും ഉണ്ടെന്നാണ് വിവരം.

പതിനഞ്ച് സെന്‍റിന് മുകളിൽ ഭൂമിയോ ആയിരത്തി അഞ്ഞൂറ്  സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളോ ഉണ്ടെങ്കിൽ അത് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ധാരണ. അതേ സമയം അടുത്ത പത്ത് വര്‍ഷത്തേക്ക് ഉടമകൾക്ക് തന്നെ പാട്ടത്തിന് കൊടുക്കാൻ തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

2010 ൽ എൻഒസിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടി എടുക്കുകയോ അല്ലെങ്കിൽ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പലവിധ നിര്‍ദ്ദേശങ്ങളും സമ്മര്‍ദ്ദങ്ങളും പരിഗണിച്ച് അനധികൃത നിര്‍മ്മാണങ്ങൾ ക്രമപ്പെടുത്താൻ സര്‍ക്കാര്‍ തയ്യാറാകുന്നത്. അനധികൃത കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആണ് ഇതെന്ന ആക്ഷേപവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.