വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സർക്കാർ അതൃപ്തി അറിയിച്ചു. മുൻകൂട്ടി അറിയിക്കാതെയുള്ള നടപടിയായതിനാൽ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഴിഞ്ഞത്തെ എംഎസ്‍സി-അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.