ജനസംഖ്യാനുപാത സിദ്ധാന്തം കൊണ്ട് വന്ന് വളരെ അപകടമായ രീതിയിലേക്ക് സർക്കാർ ഇത് മാറ്റി. ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്പർദ്ധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

മലപ്പുറം: ന്യൂനപക്ഷ വിദ്യാർത്ഥി സ്ക്ളോർഷിപ്പ് അനുപാതം മാറ്റിയ സർക്കാർ നിലപാട് വലിയ വഞ്ചനയെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. സർക്കാർ നിലപാടിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സച്ചാർ കമ്മീഷൻ പ്രകാരം സ്കോളർഷിപ്പ് നൂറ് ശതമാനവും മുസ്ലീം ന്യൂനപക്ഷത്തിന് അർഹതപ്പെട്ടതാണ്. ജനസംഖ്യാനുപാത സിദ്ധാന്തം കൊണ്ട് വന്ന് വളരെ അപകടമായ രീതിയിലേക്ക് സർക്കാർ ഇത് മാറ്റി. ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്പർദ്ധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

കരുതലോടെ പ്രതികരിക്കാൻ പാർട്ടികൾ, വിവാദം ഒഴിവാക്കാൻ സർക്കാർ

ന്യൂനപക്ഷ വിദ്യാർത്ഥി സ്ക്ളോർഷിപ്പ് അനുപാതം മാറ്റിയ സർക്കാർ തീരുമാനത്തോട് കരുതലോടെ പ്രതികരിക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. ലീഗ് ഒഴികെയുള്ള പാർട്ടികൾ ഒന്നും കടുത്ത പ്രതികരണം നടത്തിയില്ല. ഇക്കാര്യത്തിൽ വിവാദം ഒഴിവാക്കാനാണ് സർക്കാർ ശ്രമവും. നിലവിൽ ഒരു സമുദായത്തിനും കിട്ടിക്കൊണ്ടിരുന്ന അനുപാതം കുറയില്ലെന്നാണ് സർക്കാർ പറയുന്നത്.

80:20 അനുപാതത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായ സമയത്തു തന്നെ വളരെ കരുതലോടെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അതിനെ സമീപിച്ചത്. വളരെ പെട്ടന്ന് തന്നെ സർക്കാർ ഒരു സർവ്വകക്ഷി യോ​ഗത്തിലേക്ക് പോകുകയും എല്ലാവരുടെയും അഭിപ്രായം കേൾക്കുകയും ചെയ്തു. സിപിഎമ്മിനും കോൺ​ഗ്രസിനും ഒരുപാട് പരിമിതികളുള്ള വിഷയമാണിത്. യുഡിഎഫിൽ മുസ്ലീം ലീ​ഗും കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ന്യൂനപക്ഷവോട്ടുകൾ കുറഞ്ഞുപോയ സാഹചര്യവുമുണ്ട്. അതുകൊണ്ട് ഒരു എടുത്തുചാട്ടത്തിന് കോൺ​ഗ്രസ് നേത്വം തയ്യാറല്ല. സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചത്. 

അതിനിടെയാണ് ഇന്നലെ വിദ​ഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന തീരുമാനം വന്നിരിക്കുന്നത്. ആ തീരുമാനത്തെ മുസ്ലീംലീ​ഗ് ശകത്മായി തന്നെ ചോദ്യം ചെയ്യുകയാണ്. കാരണം, സച്ചാർ കമ്മീഷന്റെ നി​ഗമനങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞത്. അതേസമയം, ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ കിട്ടും. അതിൽ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല. പണം അധികമായി വന്നാൽ അതും അവർക്ക് കിട്ടും. അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഇതിൽ എത്രമാത്രം സമവായമുണ്ടാകുമെന്നത് വരും ദിവസങ്ങളിൽ അറിയാൻ കഴിയും. 

എന്താണ് പുതിയ സർക്കാർ തീരുമാനം?

ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. 

ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്.ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു.80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona