Asianet News MalayalamAsianet News Malayalam

'നയപ്രഖ്യാപനം യാഥാർഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം, ഗവർണറെക്കൊണ്ട് കള്ളം പറയിപ്പിച്ചു, ജനങ്ങളെ വഞ്ചിച്ചു'

സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോവുന്നത് മോദി സർക്കാരിൻ്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണ്. എന്നിട്ടും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

governor address farce,forced to lie, pinarayi goverment cheated kerala allege k surendran
Author
First Published Jan 23, 2023, 5:36 PM IST

തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്‍റെ  സാമ്പത്തിക മേഖല തകർന്ന് തരിപ്പണമായി കഴിഞ്ഞു. സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോവുന്നത് മോദി സർക്കാരിൻ്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണ്. എന്നിട്ടും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെൻഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് സമ്മതിക്കുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയല്ല മറിച്ച് അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ആഭ്യന്തരം പൂർണമായും തകർന്ന് കഴിഞ്ഞു. പൊലീസിന് ഗുണ്ടാ-ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും ഏറ്റവും മികച്ച പൊലീസ് കേരളത്തിലേതാണെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. മതഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകൾ കേരള പൊലീസിലുണ്ടെന്നതിന് നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയിഡ് വിവരങ്ങൾ ചോർത്തി കൊടുത്തത് പൊലീസിൽ തന്നെയുള്ള ചിലരാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്ത സർക്കാരാണിത്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാൻ ഇടത് സർക്കാരിന് അവകാശമില്ല. പിണറായി സർക്കാർ തങ്ങൾക്കെതിരെ സംസാരിക്കുന്ന മാദ്ധ്യമപ്രവർത്തകരെ കേസെടുത്ത് വേട്ടയാടുന്നത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സിൽവർലൈൻ പിണറായി വിജയന്‍റെ  വ്യാമോഹം മാത്രം

സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നത് പിണറായി വിജയന്‍റെ  വ്യാമോഹം മാത്രമാണ്. അഴിമതി മാത്രം ലക്ഷ്യം വെച്ച് കേരളത്തെ നശിപ്പിക്കാനുള്ള പദ്ധതിക്ക് ഒരിക്കലും കേന്ദ്രം അനുമതി കൊടുക്കില്ല. നടക്കില്ലെന്ന് അറിഞ്ഞിട്ടും സിൽവർലൈൻ വരുമെന്ന് പറയുന്നത് പിണറായിയുടെ ദുരഭിമാനമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios