Asianet News MalayalamAsianet News Malayalam

കേരളാ പൊലീസ് മികച്ച സേന, പക്ഷെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത് സംഭവിക്കുമോ? വീണ്ടും വിമര്‍ശിച്ച് ഗവര്‍ണര്‍

രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല, കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും ഗവര്‍ണര്‍

Governor again blames Kerala Police and CM Pinarayi Vijayan for SFI protest kgn
Author
First Published Jan 27, 2024, 6:25 PM IST

തിരുവനന്തപുരം: കേരളാ പൊലീസിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും എന്നാൽ മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പൊലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്നും ഗവര്‍ണറുടെ ചോദ്യം. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ പൊലീസ് മികച്ച സേനയാണ്. എന്നാൽ ആരാണ് അവരുടെ പ്രവര്‍ത്തനം തടയുന്നത്? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

നിലമേലിൽ 22 പേര്‍ ബാനറുമായി കൂടി നിന്നുവെന്നാണ് പൊലീസ് എഫ്ഐആര്‍. 100 പൊലീസുകാര്‍ അവിടെ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നോ? 72 വയസ് പ്രായം തനിക്ക് കഴിഞ്ഞു. ദേശീയ ശരാശരിയും കടന്ന് ബോണസ് ജീവിതമാണ് താൻ നയിക്കുന്നത്. സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്‍ശപുരുഷൻ. കേന്ദ്ര സുരക്ഷ താൻ ആവശ്യപ്പെട്ടതല്ല. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ്.

എന്റെ ജോലി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാൽ രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലിൽ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താൻ പുറത്തിറങ്ങിയത്. താൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പൊലീസ് നടപടിയെടുത്തത്. നിലമേലിലും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് ചോദിച്ച ഗവര്‍ണര്‍ ചിലർ അധികാരം കയ്യിൽ വരുമ്പോൾ അവരാണ് എല്ലാം എന്ന് കരുതുന്നുവെന്നും വിമര്‍ശിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios