Asianet News MalayalamAsianet News Malayalam

ഗവർണറും മുഖ്യമന്ത്രിയും മടങ്ങി, തൊഴിലാളികളെ മൂന്നാർ ടി കൗണ്ടിയിൽ കാണും; അവലോകന യോഗത്തിൽ പങ്കെടുക്കും

മൂന്നാർ ടി കൗണ്ടിയിൽ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കും. ഈ യോഗത്തിന് ശേഷം മുഖ്യമന്ത്രി തൊഴിലാളികളെ കാണും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണും

Governor Arif Khan CM Pinarayi returned to Munnar from Pettimudi
Author
Munnar, First Published Aug 13, 2020, 12:16 PM IST

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ചു. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്  മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശം നൽകി.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എംഎം മണി, മന്ത്രി ടിപി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രൻ എംഎൽഎ, ഇഎസ് ബിജിമോൾ എംഎൽഎ, ഡിജിപി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗർവാൾ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, എസ്പി ആർ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു.

മൂന്നാർ ടി കൗണ്ടിയിൽ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കും. ഈ യോഗത്തിന് ശേഷം മുഖ്യമന്ത്രി തൊഴിലാളികളെ കാണും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണും. രാജമല അപകടത്തിൽ രക്ഷപ്പെട്ടവർക്ക് പുനരധിവാസ പാക്കേജ് അടക്കം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

മൂന്നാർ ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോയി. ഏതാണ്ട് ഒരു മണിക്കൂറോളം സമയം സംഘം അപകട സ്ഥലത്ത് ചെലവഴിച്ചു. വൈദ്യുതി മന്ത്രി എം എം മണിയും  കെ കെ ജയചന്ദ്രൻ എം എൽ എ യും ഉദ്യേഗസ്ഥരും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.  പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.

Follow Us:
Download App:
  • android
  • ios