Asianet News MalayalamAsianet News Malayalam

Governor vs Government : 'കത്തയക്കാൻ അധികാരമില്ല'; ആർ ബിന്ദുവിനെതിരെ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ

ഘടകകക്ഷിയായ സിപിഐയും ബിന്ദുവിനെതിരായ നിലപാടാണ് ഇന്ന് സ്വീകരിച്ചത്. കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

Governor Arif Mohammad Khan against Minister R Bindu University Controversy
Author
Kochi, First Published Dec 17, 2021, 8:49 PM IST

കൊച്ചി: മന്ത്രി ആർ ബിന്ദുവിനെതിരെ (R Bindu) ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ ((Governor Arif Muhammed Khan). ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണ‌ർ വ്യക്തമാക്കി. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ഗവർണ‌ർ തിരിച്ചടിച്ചു. വിസി നിയമനത്തിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവർണ‌‌‌ർ ആവ‌ർത്തിക്കുന്നത്. ചാൻസല‌ർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണ‌ർ വ്യക്തമാക്കി. 

സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ ഗവർണ്ണർക്ക് കത്ത് നൽകിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. കത്ത് പുറത്തുവിട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മന്ത്രി ചോദ്യങ്ങളോട് ക്ഷുഭിതയായാണ് അന്ന് പ്രതികരിച്ചത്. ചട്ടം ലംഘിച്ച ബിന്ദുവിൻ്റെ രാജിക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ പ്രതികരണം വരുന്നത്. 

ഘടകകക്ഷിയായ സിപിഐയും ബിന്ദുവിനെതിരായ നിലപാടാണ് ഇന്ന് സ്വീകരിച്ചത്. കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഗവർണർക്ക് ചട്ടം ലംഘിച്ച കത്തയച്ച് കുരുക്കിലായ ആ‌ർ ബിന്ദുവിനെ മുൻ നിയമമന്ത്രി എ കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ ന്യായീകരിക്കുമ്പോഴാണ് കാനം നിലപാട് കടുപ്പിക്കുന്നത്. 

ചാൻസിലറും പ്രോ ചാൻസിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങൾ സിപിഐ അംഗീകരിക്കുന്നില്ല. സിപിഐ സംസ്ഥാന കൗണ്‍സിലിലും മന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നു. കാനം പരസ്യമായി കൂടി പറഞ്ഞതോടെ സർക്കാരും മുന്നണിയും വെട്ടിലാകുകയാണ്. 

കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവർണർ തന്‍റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതൽ യുഡിഎഫ് ആവശ്യപ്പെടുന്നത് മന്ത്രിയുടെ രാജിയാണ്. ഇന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷി വരെ മന്ത്രിയുടെ ഇല്ലാത്ത അധികാരത്തിൽ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് ഇത് ആയുധമായി.

Follow Us:
Download App:
  • android
  • ios