തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം: ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തില്‍ ഇടപെടുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവര്‍ണര്‍. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും രാജ്‍ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധ ഗൂഢാലോചനയില്‍ കെ കെ രാഗേഷിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. കെ കെ രാഗേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പാരിതോഷികമാണോയെന്നാണ് ഗവര്‍ണറുടെ പരിഹാസം.
2019 ൽ കണ്ണൂരിൽ ചരിത്ര കോൺഗ്രസിനെ ഇർഫാൻ ഹബീബും ചില ചരിത്രകാരന്മാരും തനിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോ ഗവർണര്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. വേദിയിലുണ്ടായിരുന്ന കെ കെ രാഗേഷ് താഴേക്കിറങ്ങി പ്രതിഷേധക്കാരെ തടഞ്ഞ പൊലീസിനെ പിന്തിരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗൂഡാലോചനയുടെ പ്രധാന തെളിവായ് ഗവർണര്‍ ഉയർത്തിക്കാട്ടുന്നത്. പ്ലക്കാർഡുമായി പ്രതിഷേധക്കാരെത്തിയത് തന്നെ ആസൂത്രണത്തിന്‍റെ തെളിവെന്നാണ് ഗവര്‍ണറുടെ ആരോപണം.
ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

