ഓപ്പൺ സര്‍വകലാശാല വിസിയുടെ രാജി സ്വീകരിക്കില്ലെന്ന് രേഖാമൂലം വിസിയെ അറിയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല വിസിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ശാസിച്ചു. നിയമനം സംബന്ധിച്ച് നോട്ടീസ് നൽകിയതിന് പിന്നാലെ രാജികത്ത് നൽകിയത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞായിരുന്നു ശാസന. രാജി സ്വീകരിക്കില്ലെന്ന് രേഖാമൂലം വിസിയെ അറിയിച്ച ഗവര്‍ണര്‍, നിയമനം ചട്ടവിരുദ്ധമായിരിക്കെ രാജിക്കത്തിന് പ്രസക്തിയില്ലെന്നും മറുപടി കത്തിൽ വ്യക്തമാക്കി. 

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വിസി സ്ഥാനത്ത് നിന്നും എം.കെ.ജയരാജിനെ പുറത്താക്കിയ ചാൻസിലറുടെ ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നത് വരെ സ്റ്റേ ചെയ്തു കൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. എന്നാൽ കാലടി സംസ്കൃത സർവകലാശാലാ വിസി ഡോ.എം.വി.നാരായണന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

സ്റ്റാലിന് രാജ്ഭവന്റെ മറുപടി; സത്യപ്രതിജ്ഞ നടത്താനാകില്ല, പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ല

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃ സർവ്വകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടികാട്ടിയാണ് രണ്ട് വിസിമാരെയും ചാനസലറായ ഗവർണർ പുറത്താക്കിയത്. കാലിക്കറ്റിൽ വിസി പരിഗണനയ്ക്ക് 3 പേരുകൾ നിർദ്ദേശിച്ചെങ്കിലും സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ പുറത്താക്കൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താത്‌കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും, അക്കാദമിക് വിദഗ്ദ്ധനാണെന്നുമായിരുന്നു എംകെ ജയരാജ് ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം പരിഗണിച്ചാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്. 

ചീഫ് സെക്രട്ടറിക്ക് സേർച്ച് കമ്മിറ്റി അംഗമാകാനുള്ള യോഗ്യതയിൽ പിന്നീട് വാദം കേൾക്കും. അതേസമയം വിസി പദവിയിലേക്ക് സേർച്ച് കമ്മിറ്റി ഒരൊറ്റ പേര് മാത്രം നിർദ്ദേശിച്ചതാണ് കാലടി സംസ്കൃത വിസി എം.വി.നാരായണനെ പുറത്താക്കാൻ കാരണം. വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന നിലയിലാണ് സെർച്ച് കമ്മിറ്റി തന്‍റെ പേരുമാത്രം ശുപാർശ ചെയ്തത് എന്നായിരുന്നു എം.വി.നാരായണന്‍റെ വാദം. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന ചാൻ‍സലറുടെയും യുജിസിയുടെയും വാദങ്ങൾ ശരിവച്ചുകൊണ്ടാണ് നടപടി സ്റ്റേ ചെയ്യാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വിസമ്മതിച്ചത്. സാങ്കേതിക സർവകലാശാലാ വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു സംസ്ഥാനത്തെ മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്