Asianet News MalayalamAsianet News Malayalam

'സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഉടന്‍ നിര്‍ദ്ദേശിക്കണം'; കേരള വിസിക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍

ഇത് മൂന്നാം തവണയാണ് നോമിനിയെ വെക്കാൻ ഗവർണർ ആവശ്യപ്പെടുന്നത്. അന്ത്യശാസനം തള്ളിയിട്ടും കടമ ഓർമിപ്പിച്ച് ഗവർണർ കേരള വിസിക്ക് കത്തയച്ചു.

governor demanded to kerala vc for appointment search committee representative
Author
First Published Sep 27, 2022, 7:32 PM IST

തിരുവനന്തപുരം: കേരള വിസിക്ക് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മുന്നറിയിപ്പ്. വിസിയുടെ അധികാരങ്ങളും കർത്തവ്യവും ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഓർമിപ്പിച്ചിരിക്കുയാണ് ഗവർണർ. ഉടൻ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്നും ഗവർണര്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കി. ഇത് മൂന്നാം തവണയാണ് നോമിനിയെ വെക്കാൻ ഗവർണർ ആവശ്യപ്പെടുന്നത്. അന്ത്യശാസനം തള്ളിയിട്ടും കടമ ഓർമിപ്പിച്ച് ഗവർണർ കേരള വിസിക്ക് കത്തയച്ചു.

കഴിഞ്ഞ ആഴ്ചയായിരുന്നു വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ കേരള വിസിയോട് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ വിസി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യമാണ് വിസി മറുപടിയായി നൽകിയത്. പ്രമേയത്തിന്‍റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവർണർ, വിസിക്ക് അന്ത്യശാസനമെന്ന നിലയിൽ പുതിയ കത്ത് നൽകി. എന്നിട്ടും പ്രതിനിധിയെ നൽകാൻ വിസി തയ്യാറായില്ല. ഇതോടെയാണ് ഗവർണര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.

അടുത്ത 24ന് വി സിയുടെ കാലാവധി തീരാനിരിക്കെ നടപടികൾ എല്ലാം ചട്ടപ്രകാരം തന്നെ എന്നാണ് രാജ്ഭവന്‍റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രനെ സർവകലാശാല നിർദ്ദേശിച്ച ശേഷം അദ്ദേഹം പിന്മാറിയത് സർവകലാശാലയെ സംശയ നിഴലിൽ നിർത്തുന്നു എന്നാണ് രാജ്ഭവൻ നിലപാട്. സെനറ്റ് പ്രതിനിധിയെ നിർദേശിക്കാതെ ഇനിയും മടിച്ച് നിന്നാല്‍ വിസിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബർ മൂന്നിന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഗവർണർ നടപടിയിലേക്ക് കടക്കും. എന്നാലും ഗവർണർ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിൽ ആണ് സർവകലാശാല.

Follow Us:
Download App:
  • android
  • ios