ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരള ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ 7 ദിവസം നീണ്ടു നിന്ന ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് സമാപനം. ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരള ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു. എല്ലാവർക്കും നമസ്കാരം പറഞ്ഞ് പ്രസം​ഗിച്ചു തുടങ്ങിയ ​ഗവർണർ മുഖ്യമന്ത്രി‌യെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. സമാപന വേദിയിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്. നൽകിയ ബഹുമാനത്തിന് നന്ദിയെന്നും പിണറായിയൂടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും ​ഗവർണർ പ്രസം​ഗമധ്യേ ആശംസിച്ചു. 

ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്ര കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്കാണ് ഇന്ന് തലസ്ഥാന നഗരിയിൽ സമാപനമാകുന്നത്. എണ്‍പതുകളുടെ തുടക്കത്തിലാണ് ഓണം വാരാഘോഷം തുടങ്ങുന്നത്. ഏകദേശം നാല് പതിറ്റാണ്ടായി തിരുവനന്തപുരത്ത് ഓണം വാരാഘോഷം നടന്നു വരുന്നു. നിരവധി കലാരൂപങ്ങളും സമാപന ഘോഷയാത്രയിൽ അണി നിരക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്ലോട്ടുകളും ഇതിലുണ്ട്.