കൊച്ചി: മന്ത്രി കെ ടി ജലീലിന്‍റെ ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഗവർണർ കേരളസർവകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകി. പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച് സേവ് യുണിവേഴ്സിറ്റി ഫോറമാണ് ഗവർണറെ സമീപിച്ചത്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയം പങ്കിനെ അധികരിച്ചായിരുന്നു പ്രബന്ധം. 2006ലാണ് ഡോക്ടറേറ്റ് കിട്ടിയത്. പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നാണ് പ്രധാനപരാതി. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു.

അതേസമയം യുഎഇ കോൺസുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങൾ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. എൻഐഎയ്ക്കും എൻഫോഴ്സ്മെന്‍റിനും പിന്നാലെയാണ് കസ്റ്റംസും മൊഴിയെടുക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ  മേൽനോട്ടത്തിലാണ് കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യൽ തുടരുന്നത്.

മറ്റ് കേന്ദ്ര ഏജൻസികൾക്കുമുന്നിൽ ഒളിച്ചുംപാത്തുമാണ് മന്ത്രി കെ ടി ജലീൽ നേരത്തെ ചോദ്യം ചെയ്യലിന് പോയതെങ്കിൽ പരസ്യമായിത്തന്നെയാണ് ഇത്തവണത്തെ വരവ്.  ഉച്ചയ്ക്ക് 12 മണിയോടെയാണ് ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ മന്ത്രി എത്തിയത്. തൊട്ടുപിന്നാലെ മൊഴിയെടുപ്പും തുടങ്ങി. മതഗ്രന്ഥങ്ങൾ വിതരണം  ചെയ്തതിനാണ് വിളിച്ചുവരുത്തിയിരിക്കുന്നതെങ്കിലും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഫോൺ വിളികൾ, കോൺസുലേറ്റുമായുളള ബന്ധം, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴ വിതരണം  എന്നിവ സംബന്ധിച്ചെല്ലാം മന്ത്രിയിൽ  നിന്ന് വിവരങ്ങൾ തേടുന്നുണ്ട്.