ബിജെപി കോൺഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തിലും ചാൻസലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടൽ. സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, സെനറ്റിലേറ്റ് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്തു. സെനറ്റിലേക്ക് സിന്റിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്തവരിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർത്ഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്.

സിൻഡിക്കേറ്റ് നിർദേശിച്ച പതിനാലിൽ പന്ത്രണ്ട് പേരുകളും ഗവര്‍ണര്‍ വെട്ടുകയായിരുന്നു. ജന്മഭൂമി ലേഖകൻ യു.പി.സന്തോഷ്, സംഘപരിവാർ സംഘടന സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ.കരുണാകരൻ നമ്പ്യാർ എന്നിവരെയും ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇആർ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി - കോൺഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കൾ വ്യക്തമാക്കി.

സെനറ്റിലേക്ക് സിൻഡിക്കേറ്റ് നൽകിയത് ഓരോ വിഭാഗത്തിലും മൂന്ന് പേരുകളാണ്. ഹൈസ്കൂൾ പ്രധാനാധ്യാപകന് പകരം എൽപി സ്കൂൾ ഹെഡ്‍മാസ്റ്ററെ സെനറ്റിലേക്ക് നിർദേശിച്ചത് ചട്ടവിരുദ്ധമെന്നും എസ്എഫ്ഐ ആരോപിക്കുന്നു. മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ, ശശികുമാർ, കായിക താരങ്ങളായ സി കെ വിനീത്, കെസി ലേഖ, ഐഎസ്ആർഓ ശാസ്ത്രജ്ഞൻ പി കുഞ്ഞികൃഷ്ണൻ തുടങ്ങിവരെയാണ് സിൻഡിക്കേറ്റ് നിർദേശിച്ചിരുന്നത്. അതേസമയം സിപിഎമ്മിന്‍റേത് മുതലക്കണ്ണീരെന്ന് വലത് അധ്യാപക സംഘടന കെപിസിടിഎ വിമർശിച്ചു. പാറാവു ജോലി മുതൽ വിസി പദവി വരെ രാഷ്ട്രീയ വത്കരിച്ചവർക്കാണ് സെനറ്റ് നാമനിർദ്ദേശത്തിൽ സങ്കടമെന്നാണ് കെപിസിടിഎ പ്രസ്താവന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്