മുഖ്യമന്ത്രി പിണറായി വിജയൻ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഓണം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്ര മാനവീയം വീഥിയിൽ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. ഓണം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്ര മാനവീയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം കേരളത്തിന്‍റെ മഹത്തായ സംസ്കാരത്തിന്‍റെയും സാമൂഹികവും സാമുദായികവുമായ ഐക്യത്തിന്‍റെയും ആഘോഷമാണെന്ന് ഗവർണർ പറഞ്ഞു.

നാടിന്‍റെ പൈതൃകവും സംസ്കാരവും പുരോഗതിയും വിളിച്ചോതുന്ന ഘോഷയാത്ര കാണാൻ ക്ഷണിച്ചതിന് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും കുടുംബസമേതമാണ് എത്തിയത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.അർ.അനിൽ എന്നിവർ ചേർന്ന് ഗവർണർക്ക് ഓണക്കോടി നൽകി.

മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ ഡി കെ മുരളി, വി ജോയ്, ആന്‍റണി രാജു, ഐ ബി സതീഷ്, വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ്കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.