തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ തര്‍ക്കം തുടരുന്നതിനിടെ നിയമസഭയിൽ അവതരിപ്പിക്കാൻ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണര്‍ക്ക് അതൃപ്തി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയുടെ നിയമവശം രാജ്ഭവൻ പരിശോധിക്കുന്നതായാണ് വിവരം. ഇത്തരം കാര്യങ്ങൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടാനും ഇടയുണ്ട്. 

 സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാടുകളും പ്രതിഷേധങ്ങളും നിയമസഭയിൽ പാസാക്കിയ പ്രമേയവും എല്ലാം പരാമര്‍ശിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തൽ വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. സുപ്രീംകോടതിയിൽ ഇരിക്കുന്ന പ്രശ്നം നയപ്രഖ്യപനത്തിൽ ഉൾപ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്നങ്ങളിൽ രാജ്ഭവൻ പരിശോധന നടത്തുന്നതായാണ് വിവരം

തുടര്‍ന്ന് വായിക്കാം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതിക്കെതിരായ സർക്കാർ നിലപാടും... 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയിൽ അതൃപ്തനായ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാനത്തിന്‍റെ തലവനെന്ന നിലയിൽ അനുമതി തേടുകയോ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ഗവര്‍ണറുടെ വാദം. വിശദീകരണം തേടിയ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയിരുന്നെങ്കിലും വിശദീകരണം രേഖാമൂലം നൽകാൻ തയ്യാറായിരുന്നില്ല. 

തുടര്‍ന്ന് വായിക്കാം: നയപ്രഖ്യാപന പ്രസംഗം തിരുത്താൻ ഗവര്‍ണര്‍ക്ക് അവകാശം ഇല്ല: പിഡിടി ആചാരി...

പൗരത്വ നിയമ ഭേദഗതിയിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിലും എല്ലാം സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പക്ഷത്ത് ഗവര്‍ണര്‍ നിലകൊള്ളുന്നതിനിടെയാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവര്‍ണര്‍ക്ക് അതൃപ്തി. 29 നാണ് നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം