സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് മൂസയുടെ കുടുംബത്തെ സന്ദ‍ർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ​ഗവർണർ പറഞ്ഞു. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം.

മലപ്പുറം: മകൾക്ക് ഭ‍ർത്തൃവീട്ടിൽ സ്ത്രീധന പീഡനം അനുഭവിക്കേണ്ടി വന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ വീട്ടിൽ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. മൂസക്കുട്ടിയുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ച ​ഗവർണർ അവരെ ആശ്വസിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായി ഗവർണർ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്. 

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് മൂസയുടെ കുടുംബത്തെ സന്ദ‍ർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ​ഗവർണർ പറഞ്ഞു. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണം. സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിനാണ് വലിയ പങ്ക് വഹിക്കാൻ കഴിയുകയെന്നും ബോധവത്ക്കരണത്തിൻ്റെ ഭാഗമായാണ് മൂസക്കുട്ടിയുടെ വീട് താൻ സന്ദർശിച്ചതെന്നും ​ഗവർണർ പറഞ്ഞു. 

മൂസയുടെ മരണത്തിലേക്ക് സ്ത്രീധനപീഡനത്തിന് പ്രധാനിയായ മകളുടെ ഭര്‍ത്താവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. അരീക്കോട് കുനിയിലെ ബന്ധുവീട്ടില്‍ വച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് അബ്ദുള്‍ ഹമീദിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നത് സഹിക്കാനാവാതെ പിതാവ് മൂസക്കുട്ടി രണ്ടാഴ്ച്ച മുമ്പ് തൂങ്ങി മരിച്ചിരുന്നു. സങ്കടം വെളിപെടുത്തി വീഡിയോ ചിത്രീകരിച്ചശേഷമായിരുന്നു ആത്മഹത്യ. 

ഈ വീഡിയോ സഹിതം ഏഷ്യാനെറ്റ് ന്യൂസ് മൂസക്കുട്ടിയുടെ മകള്‍ ഹിബ ഭര്‍ത്തൃവീട്ടില്‍ അനുഭവിച്ച പീഡനം വാര്‍ത്തായാക്കിയിരുന്നു. തുടര്‍ന്ന് എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷണം ഏറ്റെടുത്തു. പിന്നാലെയാണ് മാതാപിതാക്കള്‍ക്കൊപ്പം ഒളിവില്‍പ്പോയ അബ്ദുള്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. അബ്ദുള്‍ ഹമീദിന്‍റെ മാതാപിതാക്കളായ ഇസ്മായില്‍,ഫാത്തിമ എന്നിവര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.അബ്ദുള്‍ ഹമീദിനെ ചോദ്യം ചെയ്തതിന് ശേഷം പങ്ക് വ്യക്തമായാല്‍ മാതാപാതാക്കളേയും അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.