പാലക്കാട്: വാളയാർ കേസിൽ സർക്കാരിനോട് റിപ്പോർട്ട്‌ തേടും എന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. പ്രശ്നം നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കിൽ ഇടപെടും. കേസിൽ നീതി നടപ്പാകും എന്ന് ഉറപ്പ് വരുത്തുമെന്നും ഗവർണർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വാളയാർ കേസിൽ സർക്കാരിനെതിരെ പ്രതിഷേധം കത്തുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം. കേസിൽ അട്ടിമറികൾ നടന്നുവെന്നതിന്റെ കൂടുതൽ തെളിവുകളും പുറത്തു വരുന്നുണ്ട്.

അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇത് വരെ നിയമ ലംഘനം ഉണ്ടായതായി റിപ്പോർട്ട്‌ ലഭിച്ചിട്ടില്ലെന്നും ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ പറ‌ഞ്ഞു. നിയമ ലംഘനം ഉണ്ടായാൽ ഇടപെടുമെന്നും ആവശ്യമെങ്കിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എന്ത് നടപടി എടുത്താലും നാട്ടിലെ നിയമം അനുസരിച്ച് ആയിരിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വാളയാറിൽ പ്രതിഷേധം തുടരുന്നു

 നിയമസഭയിലും പുറത്തുമായി പ്രതിപക്ഷവും യുവജനസംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർത്തുന്നത്. പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച വന്നെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തുറന്നു സമ്മതിച്ചു. വിവാദം കനത്തതോടെ കേസിൽ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഒപ്പം കേസില്‍ അപ്പീല്‍ നല്‍കാനും തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.

തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

നേരത്തെ, വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനായ അഡ്വ.രാജേഷിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. 

വാളയാർ കേസിൽ തുടക്കം മുതൽ അട്ടിമറിയുണ്ടായെന്ന ആരോപണം ദേശീയ പട്ടിക ജാതി കമ്മീഷനും ഉന്നയിച്ചിരുന്നു. പട്ടിക ജാതി കമ്മീഷന് പുറമെ ദേശീയ ബാലാവകാശ കമ്മീഷനും കേസിൽ ഇടപെട്ടു. നാളെ വാളയാറിലെത്തി ബാലാവകാശ കമ്മീഷൻ അംഗങ്ങൾ മൊഴിയെടുക്കാനിരിക്കയാണ്. ദേശീയ കമ്മീഷനുകൾ ഇടപെട്ടതിന് പിന്നാലെ സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും വാളയാറിൽ സ്വമേധയാ കേസെടുത്തിരുന്നു. എല്ലാറ്റിനും ഒടുവിലാണ് സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന ഗവർണറുടെ തീരുമാനവും ഉണ്ടാകുന്നത്.