കണ്ണൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദചാമിയുടെ വ്യക്തിവിവരങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് കൊടും കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കണ്ണൂരിലും പരിസരത്തും തിരച്ചിൽ നടത്തുന്നതിനൊപ്പം ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. ഈ കൊടുംകുറ്റവാളിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണം.

ജയിൽ രേഖകൾ പ്രകാരം ഗോവിന്ദസ്വാമി എന്നാണ് ഇയാളുടെ പേര്. 41 വയസാണ് പ്രായം. അവിവാഹിതനാണ്. തമിഴ്‌നാട്ടിലെ കരൂരിനടുത്ത് വാപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞ പോസ്റ്റോ ഓഫീസ് പരിധിയിലുള്ള ഐവത്തക്കുടി സ്വദേശിയാണ് ഇയാൾ. കൊടും കുറ്റവാളിയായ ഇയാളുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ മുറിവേറ്റ ഒരു പാടുമുണ്ട്. ജയിലിൽ 33ാം നമ്പറുകാരനായിരുന്നു ഇയാൾ. 2011 ലാണ് ഇയാളെ തടവിൽ പ്രവേശിപ്പിച്ചത്. ഈയടുത്ത ദിവസം ഇയാൾ മുടി മുറിച്ചിരുന്നതായാണ് വിവരം.

കണ്ണൂർ ജയിലിൽ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിലെ ഒരു സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബി ബ്ലോക്കിലായിരുന്നു ഇയാൾ തടവിലുണ്ടായിരുന്നത്. ഈ ബ്ലോക്കിന് ചുറ്റും ഒരു ചെറിയ മതിലുണ്ട്. അതിന് പുറത്ത് വലിയ മതിൽ മറ്റൊന്ന് കൂടിയുണ്ട്. പുലർച്ചെ 1.15 നാണ് ഇയാൾ സെല്ലിലെ അഴി മുറിച്ചുമാറ്റി പുറത്ത് കടന്ന് അലക്കാനിട്ട തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ കയർ ഉപയോഗിച്ച് ജയിൽ ചാടിയത്. പുലർച്ചെ അഞ്ച് മണിക്ക് ജയിൽ അധികൃതർ വിവരമറിഞ്ഞെങ്കിലും രാവിലെ ഏഴ് മണിക്കാണ് പൊലീസിനെ അറിയിച്ചത്.

YouTube video player