Asianet News MalayalamAsianet News Malayalam

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർക്കെതിരായ അവിശ്വാസ പ്രമേയം: ചട്ടങ്ങൾ ഭേദഗതി ചെയ്ത് സർക്കാർ

വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്‍റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. 

Govt amends rules about no confidence motion  against Standing Committee Heads
Author
Trivandrum, First Published Jun 26, 2022, 3:41 PM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാൻമാർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്‍റെ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്‍റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയെ തുടർന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിരുന്നില്ല. ഇത് നിരവധി തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. അതൊഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും, ഉപാധ്യക്ഷൻമാർക്കുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടിംഗിൽ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമഭേദഗതി വരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി.  

അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയർമാന്‍റെ ഒഴിവ് സർക്കാരിനെയും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും, തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണെന്നും ഭേദഗതിയിലുണ്ട്. പുതിയ നിയമഭേദഗതിയോടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുകളിലുണ്ടാവുന്ന തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. 

Follow Us:
Download App:
  • android
  • ios