തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിനിടെ കോടികൾ മുടക്കി കോളേജ് യൂണിയൻ ചെയർമാൻമാരെ സംസ്ഥാന സർക്കാർ വിദേശത്ത് പരിശീലനത്തിന് അയക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് 70 സർക്കാർ കോളേജുകളിലെ ചെയർമാൻമാരെ നേതൃപാടവ പരിശീലനത്തിന് ലണ്ടനിലേക്ക് അയക്കുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. അടുത്തമാസമാണ് വിദേശയാത്ര.

സംസ്ഥാനത്ത് ഇതാദ്യമായാണ് കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത്. നേരത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി പദ്ധതിയെക്കുറിച്ച് സൂചന നൽകിയപ്പോൾ തന്നെ വിവാദമുണ്ടായിരുന്നു. പക്ഷെ ഈ കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന് ഒരു കുലുക്കവുമില്ല. കാർഡിഫ് സർവ്വകലാശാലയിൽ പരിശീലനത്തിനായി ഗവൺമെന്‍റ് ആർട്സ് ആന്‍റ് സയൻസ് കോളേജ് ചെയർമാൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. പാസ്പോർട്ട് വിവരം അടക്കം നൽകാനാണ് നിർദ്ദേശം. ഉ

ന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഫ്ലെയർ എന്ന നൂതന വിഭാഗത്തിന്‍റെ ഭാഗമായി ലീഡ് ഇൻഡെക്ഷൻ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. ഖജനാവിൽ നിന്നാണ് യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താൻ രാജ്യത്ത് തന്നെ വിവിധ പരിശീലനസ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഈ ധൂർത്ത്.