നിലമ്പൂര്‍: ദുരന്തഭൂമിയായി മാറിയ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ  തുടരുന്നു. കവളപ്പാറയിൽ ഇന്ന് സൈനികന്റെ ഉൾപ്പടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.  ജി.പി.ആർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ നാളെ തുടങ്ങും. അതേസമയം  ദുരിതബാധിതരെ ശാശ്വതമായി പുനരധിവസിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

മഴ മാറി നിൽക്കുന്നതിനാൽ കവളപ്പാറയിൽ തിരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്. കാണാതായ സൈനികന്‍ വിഷ്ണു എസ് വിജയന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെത്തിയത്. സഹോദരിയുടെ വിവാഹ ചടങ്ങുകൾക്കായി  ഉരുൾപൊട്ടൽ ഉണ്ടായതിന്റെ രണ്ട് ദിവസം മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. 

നാളെ മുതല്‍ അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ കൂടുതല്‍ വിപുലപ്പെടുത്തും. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ സംവിധാനം കരിപ്പൂരിൽ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിലേക്ക് തിരച്ചിൽ നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഷീനോടൊപ്പം ആറ് ശാസ്ത്രജ്ഞമാരും എത്തുന്നുണ്ട്. 15 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ്  ഇപ്പോഴത്തെ തിരച്ചിൽ. അതിനിടെ ആശങ്ക വർധിപ്പിച്ച് ദുരന്തമുണ്ടായിടത്ത് നിന്ന് 500 മീറ്റർ അകലെ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ജിപിആർ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്. ദുരിതബാധിതരായ ആദിവാസികളെ  പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകും. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ  ഭൂമിയിൽ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാരിന് മുന്നിലുള്ളത്.