നർത്തകർ തമ്മിലുള്ള യോജിപ്പ്, വേഷവിധാനവും വേഷത്തിന്റെ യോജിപ്പും, ചലനം, താളം, അവതരണം എന്നിവയാണ് സംഘനൃത്തത്തിൽ വിജയിക്കാൻ ആവശ്യം വേണ്ടതെന്ന് കലോത്സവ മാനുവലിൽ പറയുന്നു.
കോഴിക്കോട്: കലോത്സവത്തിലെ സംഘ നൃത്തത്തിനായി ചെലവഴിക്കുന്നത് ലക്ഷങ്ങൾ. പണക്കൊഴുപ്പില്ലാത്ത മേള എന്ന് കാലങ്ങളായി കേൾക്കുന്ന ഒന്നാണെങ്കിലും കലോത്സവങ്ങളിലെ സംഘനൃത്തത്തിന് ചെലവാകുന്ന പണത്തിന്റെ കണക്ക് ഞെട്ടിപ്പിക്കും. ഓരോ സംഘത്തെയും വേദിയിലെത്തിക്കാൻ എത്ര ചെലവാക്കിയെന്ന് അറിയാം. അമ്പതിനായിരം രൂപ സബ്ജില്ല മത്സരങ്ങൾക്ക് വേണ്ടി വരും. സ്റ്റേറ്റ് തലത്തിലും ഫിഫ്റ്റി വരും. മേക്കപ്പ്, ഡ്രെസ്, പ്രാക്റ്റീസ് എല്ലാത്തിനും കൂടി. ഏകദേശം രണ്ടരലക്ഷം രൂപയോളം ചെലവ് വരുമെന്ന് അധ്യാപകരിലൊരാൾ പറയുന്നു. സംഘ നൃത്തത്തിനായി നാലര ലക്ഷത്തിനടുത്ത് ചെലവ് വരുമെന്ന് മറ്റൊരധ്യാപകന്റെ വെളിപ്പെടുത്തൽ.
വർണശബളമായ വേഷങ്ങളും ചമയവും രംഗത്തുപയോഗിക്കുന്ന വസ്തുക്കളുമെല്ലാം കണ്ടാൽ ആരും പറയും പണമൊഴുക്കിയേ തീരൂ. ഇതൊക്കെ ആർഭാടമല്ലേ എന്നും തോന്നാം. എന്നാൽ സംഘനൃത്തങ്ങൾ കളർഫുൾ ആകണം എന്നാണ് എല്ലാ അധ്യാപകരും സ്കൂളും ആഗ്രഹിക്കുന്നത്. മേളകൾ ഭംഗിയാക്കണമെങ്കിൽ സംഘ നൃത്തം വേണം. ഏറ്റവും മോടിയായി, മേക്കപ്പും ഡ്രെസും ഒക്കെ വന്നാലേ അത് ഭംഗിയാകുകയുള്ളൂ എന്ന് അധ്യാപകന്റെ വാക്കുകൾ.
നർത്തകർ തമ്മിലുള്ള യോജിപ്പ്, വേഷവിധാനവും വേഷത്തിന്റെ യോജിപ്പും, ചലനം, താളം, അവതരണം എന്നിവയാണ് സംഘനൃത്തത്തിൽ വിജയിക്കാൻ ആവശ്യം വേണ്ടതെന്ന് കലോത്സവ മാനുവലിൽ പറയുന്നു. മാർക്കിടൽ രീതിക്ക് മാറ്റം വരുത്താതെയോ മാനുവൽ പരിഷ്കരിക്കാതെയോ ചെലവ് കുറയുമെന്ന പ്രതീക്ഷ വേണ്ട.

കലാമത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കും
