Asianet News MalayalamAsianet News Malayalam

ഹണിട്രാപ്പിൽ 59കാരനെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തി, ആദ്യം ചോദിച്ച 5 ലക്ഷം കൊടുത്തപ്പോൾ വീണ്ടും പണം വേണം

ജനുവരി 25, 26 തീയ്യതികളിലാണ് 59 വയസുകാരനെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പാര്‍പ്പിച്ച് ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം പകർത്തിയത്. അ‌ഞ്ച് ലക്ഷം രൂപയായിരുന്നു ആദ്യം ആവശ്യം. പിന്നീട് വീണ്ടും ചോദ്യമായി.

group including married couple behind honey trap and abducted 59 year old man for 5 lakh rupees afe
Author
First Published Feb 14, 2024, 2:07 AM IST

കാസര്‍കോട് 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. നാല് പേരെ ഇന്ന് പടന്നക്കാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാങ്ങാട് സ്വദേശിയായ 59 വയസുകാരനെയാണ് ദമ്പതികള്‍ അടക്കമുള്ള ഏഴംഗ സംഘം ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ മാസം 25, 26 തീയതികളിലായിട്ടായിരുന്നു സംഭവം. വീണ്ടും ഹണിട്രാപ്പ് സംഘം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതും ഏഴ് പേര്‍ പിടിയിലായതും.

സംഘത്തിലെ പ്രധാനികളായ നാല് പേരുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന, കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ് , മാങ്ങാട് സ്വദേശി ദിൽഷാദ് എന്നിവരെ പടന്നക്കാടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തു. മറ്റൊരു പ്രതിയായ പടന്നക്കാട് സ്വദേശി റഫീഖിന്റെ വീട്ടിലാണ് 59 വയസുകാരനെ തട്ടിക്കൊണ്ട് വന്ന് ഒരു രാത്രി മുഴുവൻ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയത്

ഹണിട്രാപ്പില്‍പെടുത്തി ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തിയ മംഗളുരു നഗരത്തിലെ സ്വകാര്യ ലോഡ്ജ്, കാസര്‍കോട് നഗരത്തില്‍ വച്ച് രാത്രി ഭീഷണിപ്പെടുത്തിയ, പ്രസ് ക്ലബ് ജംക്ഷന് സമീപത്തെ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ചും മേല്‍പ്പറമ്പ് പൊലീസ് തെളിവെടുത്തു. സംഘത്തിലെ ബാക്കിയുള്ള മൂന്ന് പേരേയും അടുത്ത ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്‍രിയ, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി, പടന്നക്കാട് സ്വദേശി റഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക. സംഘം കൂടുതല്‍ ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് മേല്‍പ്പറമ്പ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം ഫൈസല്‍, റുബീന, സിദ്ദീഖ്, ദില്‍ഷാദ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന നടത്തി പണം തട്ടിയ മറ്റൊരു കേസു കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് കളനാട് ഉള്ള ഒരു കടയില്‍ നിന്ന് ബിസ്ക്കറ്റ് വാങ്ങിയ സംഘം, ഇത് കഴിച്ചതിനെ തുടര്‍ന്ന് വയറ് വേദനയുണ്ടായെന്നും എണ്ണായിരം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് ശരിയാണെന്ന് വിശ്വസിച്ച കടക്കാരന്‍ എണ്ണായിരം രൂപ നല്‍കുകയും ചെയ്തു. സംഘം പിടിയിലായ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കടക്കാരന്‍ പരാതിയുമായി മേല്‍പ്പറമ്പ് പൊലീസിനെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios