ദില്ലി: വിലക്കയറ്റം തടയാനുള്ള സമിതിയായ ആന്‍റി പ്രൊപ്രൈറ്ററി അതോറിറ്റിയുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയും നീട്ടി. അഞ്ചു കോടിയ്ക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജൂലൈ 31 വരെയും രണ്ടു മുതല്‍ അഞ്ചു കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയും രണ്ട് കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30 വരെയുമാണ് കാലാവധി നീട്ടിയത്. 

ജിഎസ്ടി രജിസ്ട്രേഷന് ഇനി മുതല്‍ ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. അതേസമയം ലോട്ടറി നികുതി ഏകീകരിക്കുന്നതില്‍ തീരുമാനമായില്ല.  കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനിടെ ഇരട്ട നികുതി ഏര്‍പ്പെടുത്താന്‍ നിയമപരമായി അവകാശമുണ്ടോ എന്ന് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാനും കൗണ്‍സില്‍ തീരുമാനിച്ചു. 

പൊതു ബജറ്റിന് മുന്നോടിയായ നിര്‍മ്മല സീതാരാമന്‍ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാന്‍ അനുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോട് അനുകൂലമായ പ്രതികരണമല്ല മന്ത്രിയില്‍ നിന്നുണ്ടായത്.