ആദ്യഘട്ടമായി 25 മുൻനിര ഏജന്‍റുമാർ‍ക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇരുപത് ലക്ഷത്തിനുമുകളിൽ കമ്മീഷൻ കൈപ്പറ്റിയ എല്ലാ ഏജന്‍റുമാരും ജി.എസ്.ടിയ്ക്കൊപ്പം പിഴയും പലിശയും കൂടി ഒടുക്കേണ്ടതായി വരും.

കൊച്ചി: ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നികുതി വെട്ടിപ്പിൽ ഇൻകം ടാക്സിന് പിന്നാലെ അന്വേഷണവുമായി കേന്ദ്ര ജി എസ് ടി വകുപ്പും. ശതകോടികളുടെ നിക്ഷേപം എത്തിച്ച ഇടനിലക്കാരായ ഏ‍ജന്‍റുമാർ സൊസൈറ്റിയിൽ നിന്ന് കൈപ്പറ്റിയ കമ്മീഷൻ തുകയ്ക്ക് ജി.എസ്.ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആദ്യഘട്ടമായി 25 മുൻനിര ഏജന്‍റുമാർ‍ക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇരുപത് ലക്ഷത്തിനുമുകളിൽ കമ്മീഷൻ കൈപ്പറ്റിയ എല്ലാ ഏജന്‍റുമാരും ജി.എസ്.ടിയ്ക്കൊപ്പം പിഴയും പലിശയും കൂടി ഒടുക്കേണ്ടതായി വരും.

തൃശൂർ കേന്ദ്രമാക്കിയുളള ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്. 3600 കോടിയോളം രൂപ നിക്ഷേപമെത്തിച്ച ഇടനിലക്കാരായ ഏജൻറുമാർക്ക് 200 കോടിയോളം രൂപയാണ് കമ്മീഷനായി ഇൽകിയത്. ഇക്കാര്യത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്‍റെ പ്രാഥമിക കണ്ടെത്തലുകൾ ഇങ്ങനെയാണ്.

1. 35,000ലധികം എൻട്രികളാണ് നിക്ഷേപത്തിന് കമ്മീഷൻ നൽകിയതായി ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ രേഖകളിലുളളത്. ഇതിനൊന്നിനും ഭൂരിഭാഗം ഏജന്‍റുമാരും കൃത്യമായി ജി.എസ്.ടി അടച്ചിട്ടില്ല

2. ഏഴ് കോടി രൂപ കമ്മീഷൻ കൈപ്പറ്റിയ മൂന്ന് പേർ സംസ്ഥാനത്തുണ്ട്. ഒരു കോടി മുതൽ ഏഴു കോടി വരെ കൈപ്പറ്റിയവർ അൻപതോളം. ഇവരെയെല്ലാം വിളിച്ചുവരുത്തും

3. 25 മുൻനിര കമ്മീഷൻ ഏജന്‍റുമാർക്കാണ് നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത്. ബാക്കിയുളളവരെ ഘട്ടം ഘട്ടമായി വിളിക്കും.

4. കേരളത്തിനുപുറമേ മറ്റ് സംസ്ഥാനങ്ങഴിലും ഏജന്റുമാരെപ്പറ്റി അന്വേഷണമുണ്ട്. തമിഴ്നാട്ടിൽ ഒരു ഏജന്‍റിന് കിട്ടിയത് പത്തുകോടി രൂപയാണ്

ഇതിനിടെ ആദായ നികുതി റെയ്ഡിൽ വിശദീകരണവുമായി ഐ സി സി എസ് എൽ ചെയർമാൻ സോജൻ അവറാച്ചൻ രംഗത്തെത്തി.നിയമപരമായാണ് നാളിതുവരെ സൊസൈറ്റിയുടെ പ്രവർത്തനമെന്ന് അദ്ദേഹം പറ‌‌ഞ്ഞു. സൊസൈറ്റിയുടെ നികുതി വെട്ടിപ്പിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കമ്മീഷൻ ഏജന്‍റുമാർക്കെതിരെ ജി.എസ്.ടി വകുപ്പും നടപടി തുടങ്ങിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...