വാക്സീൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാർക്കും വാക്സിന് വേണ്ടി ഓണ്‍ലൈൻ സൗകര്യം ലഭ്യമാക്കും. സ്പോട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകാൻ മാർഗ്ഗരേഖയായി. സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ വാക്സീനും വിതരണം ചെയ്യും. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സീന്‍ നല്‍കുക. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഈ വിഭാഗക്കാർക്ക് പ്രത്യേക ക്യൂവും കൗണ്ടറും ഏർപ്പാടാക്കും.

ഗുരുതരമാകുന്ന രോഗങ്ങളുള്ളവർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും വാക്സീൻ. ജില്ലാ തലത്തിൽ അപേക്ഷകൾ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവർ മാത്രമാണ് നാളെ മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടത്. സെക്കൻഡ് ഡോസ് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാർക്കും പൂർണ ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷൻ ഇല്ലാതാകും. വാക്സീൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona