Asianet News MalayalamAsianet News Malayalam

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികളുടെ കണക്കുകൾ നിരത്തിയാണ് മുപ്പത്തിരണ്ട് പേജുള്ള സംക്ഷിപ്ത റിപ്പോർട്ട്. സർക്കാരിനും സർക്കാർ ഏജൻസികൾക്കും മാത്രം കൈമാറിയ രഹസ്യ റിപ്പോർട്ടിൽ പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് പഠനം

Gulati Institute of Finance and Taxation report says pinarayi government falls back in  tax growth during first term
Author
First Published Jan 27, 2023, 8:14 AM IST

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം കുത്തഴിഞ്ഞതിന്‍റെ കണക്കുകളുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷന്‍റെ റിപ്പോർട്ട്. അഞ്ച് വർഷക്കാലം നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ പോയി. മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സർക്കാരിന്‍റെ സാമ്പത്തിക കാര്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനം. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികളുടെ കണക്കുകൾ നിരത്തിയാണ് മുപ്പത്തിരണ്ട് പേജുള്ള സംക്ഷിപ്ത റിപ്പോർട്ട്. സർക്കാരിനും സർക്കാർ ഏജൻസികൾക്കും മാത്രം കൈമാറിയ രഹസ്യ റിപ്പോർട്ടിൽ പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് പഠനം. ഇതില്‍ ഏറ്റവും ഗൗരവതരം നികുതി സമാഹരണത്തിലെ വീഴ്ചയാണ്. 2016മുതൽ 2021വരെ അഞ്ച് കൊല്ലത്തിൽ കേരളം കൈവരിച്ച വളർച്ച രണ്ട് ശതമാനം മാത്രമാണ്. 

19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനം ആണ്. നികുതി പിരിവിൽ കേരളം മൂന്നിലൊന്ന് പോലും തൊടാനാകാതെ മൂക്ക് കുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്ര ഗ്രാന്‍റ് അടക്കം എല്ലാ വരുമാനങ്ങളും ഉൾപ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിൽ പോയിരിക്കുകയാണ്. പതിനാറാം സ്ഥാനമാണ് ഇതില്‍ കേരളത്തിലുള്ളത്. ഹരിയാനയും,ജാർഖണ്ഡും, ചത്തീസ്ഗഢും, ഗുജറാത്തും വരെ കേരളത്തെക്കാൾ മുന്നിലാണുള്ളത്. മദ്യം,ലോട്ടറി അടക്കം നികുതിയേതര വരുമാനത്തിൽ തോമസ് ഐസക്കിന്‍റെ കാലയളവിൽ വലിയ തിരിച്ചടിയുണ്ടായില്ല. 22ശതമാനം വളർച്ച നേടിയ കേരളം നാലാം സ്ഥാനത്ത് എത്തി. 

വരുമാന തിരിച്ചടിയിൽ കേരളം നക്ഷത്രമെണ്ണിയ കാലത്തും ചെലവാക്കലിന് ഒരു കുറവുമുണ്ടായില്ല. റവന്യു ചെലവിൽ രാജ്യത്ത് തന്നെ ഒന്നാമത് കേരളമാണ്. 90.39 ശതമാനമാണ് റവന്യു ചെലവ്. പശ്ചിമ ബംഗാളാണ് തൊട്ടുപിന്നിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലും ഒന്നാം പിണറായി കാലത്ത് സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കി വച്ചിരുന്നു. എന്നാൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ സാമൂഹ്യ സേവന പദ്ധതികൾക്ക് പണം നീക്കിവച്ചതിൽ 2016-മുതൽ 21 വരെ 19 സംസ്ഥാനങ്ങളിൽ കേരളത്തിന്‍റെ സ്ഥാനം പതിനേഴാമതാണ്. ആന്ധ്രയും, ബംഗാളും, ഗുജറാത്തും, രാജസ്ഥാനും ഒക്കെ സേവന പദ്ധതികൾക്ക് കേരളത്തെക്കാൾ വിഹിതം നീക്കി വച്ചിട്ടുണ്ട്. 

2016ൽ ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ കടം 1,89,768കോടി 2021ൽ ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ കടം 3,08,386 കോടി. നോട്ട് നിരോധനവും, കൊവിഡും രാജ്യമാകെ സാമ്പത്തിക രംഗത്തെ ബാധിച്ച നാളുകളിൽ പ്രളയമാണ് കേരളത്തിന് അധിക പ്രഹര മേൽപിച്ചത്. ഒപ്പം സാമ്പത്തിക മാനെജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതും കൂടിയായപ്പോൾ കേരളം കുത്തുപാളയെടുത്തു. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ, സിഎജിയുടെയും ജിഎസ്ടി വകുപ്പിന്‍റെയും കണക്കുകളെ താരതമ്യം ചെയ്താണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പുറത്ത് വന്നിട്ടുള്ളത്. സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമാകുമ്പോൾ രഹസ്യ റിപ്പോർട്ടുകളായി ഒതുങ്ങേണ്ടതുമല്ല ഈ കണക്കുകൾ. കഴിഞ്ഞ ആറര വർഷത്തെ ധനവകുപ്പിന്‍റെ കണക്കുകളും അവകാശ വാദങ്ങളും പൊളിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ തന്നെ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ട്. 

'വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്, എല്‍ ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി'

Follow Us:
Download App:
  • android
  • ios