മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തൃശൂർ: പൂത്തോൾ കൺസ്യൂമർഫെഡ് മദ്യശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ജിഫ്സൽ ആണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി. തോക്ക് ചൂണ്ടിയ കേസിലെ നാലാം പ്രതിയാണ് ജിഫ്സൽ. ജിഫ്സലിനെ കൂടാതെ പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടിൽ അബ്ദുൾ നിയാസ് (41), കോഴിക്കോട് മാങ്കാവ് കളത്തിൽ വീട്ടിൽ നിസാർ (37), പൊന്നാനി പാലപ്പെട്ടി ആലിയ മീൻകത്ത് വീട്ടിൽ റഫീക്ക് (40) എന്നിവരെയാണ് ടൌൺ വെസ്റ്റ് പോലീസ് പിടികൂടിയത്.
16ന് രാത്രി ഒമ്പതോടെയാണ് തോക്ക് ചൂണ്ടി മദ്യം ആവശ്യപ്പെട്ടത്. പാലക്കാട് സ്വദേശി നിയാസ് ആണ് തോക്ക് ചൂണ്ടിയത്. ഇയാൾ നേരത്തെ തൃശൂരിൽ ഹോട്ടൽ നടത്തിയിരുന്നു. പരസ്പരം ഒത്തു കൂടുന്നതിനാണ് തൃശൂരിലെത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ പ്രതികളിലൊരാൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ജീഫ്സലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.
കട അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല, കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് യുവാക്കാള്‍ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു.
മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍, എയർഗൺ കണ്ടെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

