Asianet News MalayalamAsianet News Malayalam

ഗുരുവായൂര്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു

മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

guruvayur temple melsanthi elected
Author
First Published Sep 17, 2022, 2:25 PM IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്. കൂടിക്കാഴ്ചയിൽ അർഹത നേടിയവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുത്തു. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. 41 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 39 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് കിരൺ ആന്ദന്ദിനെ മേൽശാന്തിയായി തെരെഞ്ഞെടുത്തത്. ഒക്ടോബർ ഒന്നുമുതൽ ആറ് മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുതിയ മേൽശാന്തി സെപ്റ്റംബർ 30 ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.   ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്.

ഗുരുവായൂരില്‍ ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി ഇ- ഭണ്ഡാരങ്ങൾക്ക് ഇന്ന് തുടക്കമായി . ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, എസ്.ബി.ഐ നെറ്റ്വർക്ക് 2 ന്‍റെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ ടി. ശിവദാസ് എന്നിവർ ചേർന്നാണ് ഇ-ഭ ണ്ഡാരസമർപ്പണം നടത്തിയത്. ഡിജിറ്റൽ യുഗത്തിൽ കടലാസ് രഹിത പണമിടപാട് പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. എസ്.ബി.ഐ ജനറൽ മാനേജർ ടി.ശിവദാസ്  ഇ- ഭണ്ഡാരത്തിൽ ആദ്യ കാണിക്കയായി 1001 രൂപ സമർപ്പിച്ചു.    

കിഴക്കേ ഗോപുര കവാടത്തിൽ ദീപസ്തംഭത്തിന് മുന്നിൽ ഇരു വശങ്ങളിലുമായാണ് എസ്.ബി.ഐയുടെ സഹകരണത്തോടെ രണ്ട് ഇ- ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം.  യു പി ഐ  പേമെന്‍റ് സംവിധാനം ഉപയോഗിച്ച് ഗൂഗിൾ പേ, പേ ടൈം, ഭീം പേ ഉൾപ്പെടെ ഏത് മാർഗം വഴിയും ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത് കാണിക്കയർപ്പിക്കാം. ഇ-ഭണ്ഡാരം വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിൽ ഉൾപ്പെടുത്തി രേഖപ്പെടുത്തും. കഴിഞ്ഞ ജൂൺ 24ന് ചേർന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഇ - ഭണ്ഡാരം സ്ഥാപിക്കാൻ തീരുമാനിച്ചത്. തീരുമാനമെടുത്ത് മൂന്നു മാസത്തിനകം തന്നെ ഇ- ഭണ്ഡാരം സമർപ്പിക്കാൻ സാധിച്ചു.  

Follow Us:
Download App:
  • android
  • ios