സാധാരണ വെന്‍റിലേറ്റർ ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോൾ നേരത്തെ വിളിച്ച് പറയണം. എന്നാൽ ഈ സംഭവത്തിൽ അതുണ്ടായില്ല. എങ്കിലും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ആർഎംഒ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോട്ടയം മെഡിക്കൽ കോളേജ് ആർഎംഒ. ആശുപത്രിയിൽ വെന്‍റിലേറ്റർ സൗകര്യമുണ്ടായിരുന്നില്ല. അത് പിആർഒ ബന്ധുക്കളെയും ഡോക്ടറേയും അറിയിച്ചു. എന്നാൽ, ഡോക്ടർ താഴേക്ക് ഇറങ്ങി വരും മുമ്പ് തന്നെ ബന്ധുക്കൾ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നെന്നും ആർഎംഒ ഡോക്ടർ രഞ്ജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"കട്ടപ്പനയിലെ ആശുപത്രിയിൽ നിന്ന് വെന്‍റിലേറ്റർ ചികിത്സ ആവശ്യപ്പെട്ടാണ് പനി ബാധിച്ച രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചത്. അത് കൊണ്ട് തന്നെ ബന്ധുക്കൾ വെന്‍റിലേറ്റർ ആവശ്യപ്പെട്ട് പിആർഒയെ സമീപിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോ നഴ്സുമാരോ വിവരമറിഞ്ഞിരുന്നില്ല. രോഗിയെ ആംബുലൻസിൽ നിന്ന് ഇറക്കിയിരുന്നില്ല. വെന്‍റിലേറ്റർ ഇല്ലെന്നറിഞ്ഞ ഉടൻ ബന്ധുക്കൾ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു" ആർഎംഒ പറഞ്ഞു.
സാധാരണ വെന്‍റിലേറ്റർ ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോൾ നേരത്തെ വിളിച്ച് പറയണം. എന്നാൽ ഈ സംഭവത്തിൽ അതുണ്ടായില്ലെന്നും എന്നിരുന്നാലും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും ആർഎംഒ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്‍വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം.
