Asianet News MalayalamAsianet News Malayalam

കോട്ടയത്തെ പ്രശസ്ത ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; എച്ച്‍വൺഎൻവൺ ബാധിച്ച രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറമെ കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്ന് മരിച്ച ജേക്കബ് തോമസിന്‍റെ മകൾ റെനി

h1n1 patient died due to lack of treatment, relatives complaints against hospitals
Author
Kottayam, First Published Jun 5, 2019, 5:09 PM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു എന്ന് ആക്ഷേപം. കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്‍വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃത‍ർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. 

രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ അറിയിച്ചു.

അതേ സമയം രോഗി മരിച്ചതിനെത്തുട‍ർന്ന് ആശുപത്രി പിആ‍ർഒയെ ജേക്കബിന്‍റെ ബന്ധുക്കൾ മ‍ർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജേക്കബ് തോമസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ മുന്നിൽ നി‍ർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂ‍ർ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടിയെടുക്കാൻ തയ്യാറെടുക്കണമെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാൻസറില്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത സംഭവമുണ്ടായത്. രണ്ട് വിഷയങ്ങളിലും അടിസ്ഥാന സൗകര്യക്കുറവ് തന്നെയാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 

Follow Us:
Download App:
  • android
  • ios