കൊച്ചി: നെട്ടൂരിൽ  കൊല്ലപ്പെട്ട അർജ്ജുനെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ  എം വി വിദ്യൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി. അർജുൻ കൊല്ലപ്പെട്ടെന്നും ഹർജിയിലെ ഏഴാം എതിർകക്ഷിയായ നിപിൻ ജൂഡ്സൺ ആണ് ഒന്നാം പ്രതിയെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 

പനങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ കൊലപാതക കുറ്റവും അനുബന്ധ വകുപ്പുകളും ഉൾപ്പെടുത്തിയെന്നും പൊലിസ് അറിയിച്ചു. പൊലിസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വിദ്യൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടയാൾ അർജ്ജുന്‍ ആണ് എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അന്വേഷണം നടക്കുന്നതിനാലും ഹേബിയസ് കോർപ്പസ് ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു. 

അതേസമയം പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കേസന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യമെന്നും കൊല്ലപ്പെട്ട അജ്ജുന്‍റെ അമ്മ സിന്ധു ആവശ്യപ്പെട്ടു. മകനെ കാണാനില്ലെന്ന പരാതിയുമായി സമീപിച്ചപ്പോള്‍ പരിഹസിക്കുന്ന രീതിയിലായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്ന് സിന്ധു നേരത്തേ പറഞ്ഞിരുന്നു.

കുമ്പളം സ്വദേശിയായ അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി പ്രതികള്‍  ചതുപ്പില്‍ താഴ്‍ത്തുകയായിരുന്നു. അര്‍ജ്ജുന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്‍ , അനന്തു, അജയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തതിരിക്കുകയാണ്.