ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നാമത്തെ കേസിൽ അറസ്റ്റ് ചെയ്തു. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും പോലീസ് അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എൽ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്. നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാമത്തെ ബലാത്സം​ഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിക്കുകയായിരുന്നു.

എം എൽ എ സ്ഥാനത്ത് അയോഗ്യതക്ക് നീക്കം

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടിക്കൊരുങ്ങുകയാണ്. വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എം എൽ എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പ്രതികരിച്ചു.

അതിനിടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ പ്രതിഷേധമാണ് ഉയ‍ർന്നിരിക്കുന്നത്. പ്രതിഷേധവുമായി ഡി വൈ എഫ് ഐയും യുവമോർച്ചയും കടുത്ത പ്രതിഷേധമാണ് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിൽ ഉയർത്തുന്നത്. ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കിയത്. ആശുപത്രിയിൽ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നതെങ്കിലും പ്രതിഷേധക്കാരെ തടയാൻ പൊലീസിനായില്ല. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് രാഹുലിനെ ആശുപത്രിയുടെ അകത്തേക്ക് കയറ്റിയത്. എന്നാൽ പരിശോധനയ്ക്ക് ശേഷം രാഹുലിനെ പുറത്തിറക്കാനായിട്ടില്ല. ആശുപത്രിയിൽ നിന്ന് പുറത്തേക്കുള്ള രണ്ട് കവാടങ്ങളിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചത് പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയാൽ തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.