മലപ്പുറം: ഉരുൾപൊട്ടൽ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിൽ നടന്ന തെരച്ചിലിൽ ഒരാളുടെ മൃതദേഹത്തിന്റെ ഒരു ഭാ​ഗം കണ്ടെത്തി. ബാക്കി ഭാ​ഗത്തിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇതോടെ കവളപ്പാറയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 47 ആയി. 12 പേരെ ഇനിയും പ്രദേശത്ത് നിന്നും കണ്ടെത്താനുണ്ട്.

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിട്ടും ആരേയും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, കവളപ്പാറയിൽ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്താൻ കൂടുതൽ സാധ്യതയുള്ള രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.