ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞുകൂടിയതായി കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇതുമൂലം ചെറിയ മഴയിൽ പോലും ഷട്ടറുകൾ തുറക്കേണ്ടി വരുന്നു.
ഇടുക്കി: ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവന്നത്. എക്കലും മണ്ണും അടിഞ്ഞുകൂടി സംഭരണ ശേഷിയെ ബാധിക്കുന്നതിനാലാണ് ചെറിയ മഴ പെയ്താൽ പോലും ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുന്നത്. ഡാമിന്‍റെ സംഭരണ ശേഷി മൂന്നു വർഷം കൊണ്ട് വീണ്ടെടുക്കാനുളള പ്രവർത്തനങ്ങൾക്ക് തുടക്കമായെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശത്തിന്‍റെ 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെളള പദ്ധതിക്ക് ആശ്രയമാണ് മലങ്കര. അഞ്ച് വർഷം മുമ്പ് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അണക്കെട്ടിൽ നടത്തിയ പഠന പ്രകാരം, സംഭരണ ശേഷിയുടെ 48.95 ശതമാനവും ചെളിയും മണ്ണും അടിഞ്ഞു കൂടിയെന്നാണ് വിവരം. എന്നാൽ ചെളി നീക്കം ചെയ്യാനുളള ഒരു പ്രവൃത്തിയും കഴിഞ്ഞ വർഷങ്ങളിലുണ്ടായില്ല. ഫലം, ചെറുമഴ പെയ്താൽ പോലും ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെളളം ഒഴുക്കിവിടും. തൊടുപുഴയിലും മൂവാറ്റുപുഴയിലും നഗര പ്രദേശങ്ങളിൽ കനത്ത വെളളക്കെട്ടും പതിവ്. മൂലമറ്റത്ത് വൈദ്യുതോത്പാദനം കൂട്ടിയാലും അധിക ജലം ഒഴുകി മലങ്കരയിലേക്കെത്തും. അപ്പോഴും ഷട്ടർ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടിവരും.
അണക്കെട്ടിലെ ചെളിനീക്കാത്തതു കാരണം 2745 ദശലക്ഷം ഘന മീറ്റർ വെളളം വർഷംതോറും പാഴാകുന്നുവെന്നാണ് കണക്ക്. നീക്കം ചെയ്യേണ്ടത് 18 ദശലക്ഷം ഘനമീറ്റർ ചെളിയും എക്കലുമാണ്. ഗൗരവമുളള ഈ കണക്കുകൾ മുന്നിലുളളപ്പോൾ വർഷങ്ങളായി കാര്യമായ നടപടികളൊന്നും ജലവിഭവ വകുപ്പ് സ്വീകരിച്ചില്ലെന്നാണ് വിചിത്രം. ഇക്കാര്യത്തിൽ ജലവിഭവ വകുപ്പ് നൽകുന്ന വിശദീകരണമിങ്ങനെ- ഡീ സിൽറ്റേഷന് ടെൻഡർ നടപടികൾ പൂർത്തിയായി. കാഞ്ഞാർ പാലം മുതൽ അണക്കെട്ട് വരെയുളള പ്രദേശത്തെ ചെളിയാണ് ആദ്യം നീക്കുക. മൂന്നു വർഷം കൊണ്ട് അണക്കെട്ടിന്‍റെ സംഭരണ ശേഷി വീണ്ടെടുക്കാനാവും എന്നാണ് കണക്കുകൂട്ടൽ.

