കോട്ടയം: പാലായിൽ ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസൻ കോട്ടയം മെഡിക്കൽ 

കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഫീലിന്‍റെ തലയ്ക്ക് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് ഡോക്ടർമാർ നടത്തുന്നത്. 

48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം അഫീലിന്‍റെ അരോഗ്യനിലയെ കുറിച്ച് ഇന്ന് പ്രതികരിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ അഫീലിന് പരിക്കേറ്റതിനെ കുറിച്ച് അന്വേഷിക്കാൻ കായികവകുപ്പ് നിയോഗിച്ച മൂന്നംഗ സമിതി പാലായിലെത്തി തെളിവെടുക്കും. 

സംഘാടകരായ അത്‍ലറ്റിക് ഫെഡറേഷന്‍റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പാല ആർഡിഒ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.