ആസൂത്രണം നടത്തിയവരാണ് മുഖ്യപ്രതികളെന്നും അവരിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നും  സവാദിനെ തിരിച്ചറിയാന്‍ കഴിയുമെന്നും ഇപ്പോഴും മുഖം മായാതെ ഓര്‍ക്കുന്നുവെന്നും പ്രൊഫ ടിജെ ജോസഫ് പറഞ്ഞു.

കൊച്ചി: കൈവെട്ട് കേസില്‍ 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദ് അറസ്റ്റിലായതില്‍ പ്രതികരണവുമായി പ്രൊഫ ടിജെ ജോസഫ്. തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതില്‍ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്.സവാദിനെ തിരിച്ചറിയാന്‍ കഴിയുമെന്നും ഇപ്പോഴും മുഖം മായാതെ ഓര്‍ക്കുന്നുവെന്നും സവാദിനെ സംരക്ഷിച്ചത് കരുത്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികള്‍. തന്നെ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് നിയമവ്യവസ്ഥയില്‍ സവാദ് ഒന്നാം പ്രതിയാകുന്നത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരന്‍ എന്ന നിലയില്‍ സവാദിന്‍റെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താല്‍പര്യമൊന്നുമില്ല.

നിയമസംവിധാനത്തെ ആദരിക്കുന്നയാള്‍ എന്ന നിലയില്‍ സന്തോഷമുണ്ട്. എന്തായാലും 13 വര്‍ഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതില്‍ നിയമപാലകര്‍ക്ക് അഭിമാനിക്കാം. അവര്‍ക്ക് സമാധാനിക്കാം. ഈ കേസില്‍ വ്യക്തിയെന്ന നിലയില്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. കേസിന്‍റെ അന്വേഷണം ആസൂത്രകരിലേക്ക് പോയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് ചെന്ന് എത്താത്തിടത്തോളം ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനാകില്ല. അവരുടെ പടയാളികള്‍ ആയുധമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് ശിക്ഷിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാന ബുദ്ധി തടവിലാക്കപ്പെടാത്തത്തോളം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ആശ്വസിക്കാവുന്ന കാര്യം മാത്രമാണ് സവാദിന്‍റെ അറസ്റ്റെന്നും പ്രൊഫ ടിജെ ജോസഫ് പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം, അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

'ആക്രമണം ആഹ്വാനം ചെയ്തവരാണ് മുഖ്യപ്രതികൾ, അവരിലേക്ക് അന്വേഷണം എത്തിയിട്ടില്ല' |TJ Joseph