Asianet News MalayalamAsianet News Malayalam

ധർമ്മടത്തെ പ്രതിസന്ധി തീ‍ർന്നു; കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി സി.രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

രഘുനാഥ് പത്രിക കൊടുത്തകാര്യം അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഇന്നലെ കെ. സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.  

hand symbol granted to congress candidate c Raghunath
Author
Dharmadam, First Published Mar 19, 2021, 8:37 AM IST

കണ്ണൂർ: ധർമ്മടത്തെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു. കണ്ണൂർ ഡിസിസി നിർദ്ദേശിച്ച പ്രകാരം ഇന്നലെ നാമനി‍ർദ്ദേശ പത്രിക നൽകിയ കോൺ​ഗ്രസ് നേതാവ് സി.രഘുനാഥിന് കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചു. രഘുനാഥിൻ്റെ സ്ഥാനാർത്ഥിത്വം ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ അം​ഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഇപ്പോൾ അവസാനിക്കുന്നത്. 

രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഇന്നലെ കെ. സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.  വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമ്മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമർഷം കാരണമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന..

അതേസമയം പാർട്ടി അറിയിച്ചത് അനുസരിച്ചാണ് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക നൽകിയതെന്ന് സി.രഘുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ചിഹ്നം അനുവദിക്കാനായി തൻറെ വിശദാംശങ്ങൾ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios