മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം.

മലപ്പുറം: മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

ഇതേത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. അതിജീവിതയുടെ സ്വകാര്യ അന്യായത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൃശ്ശൂർ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. 

ഇതിൻ്റെ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്. പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവർ ഉദ്യോ​ഗസ്ഥർ ലൈം​ഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവം വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോ​ഗസ്ഥർ രം​ഗത്തെത്തിയിരുന്നു.

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live