Asianet News MalayalamAsianet News Malayalam

അഖിൽ മാത്യു പണം കൈപ്പറ്റിയ ശേഷം ഓഫീസിലേക്ക് കയറിപ്പോയി, തെളിവുകൾ പൊലീസിന് നൽകി: ഹരിദാസൻ

ആയുഷ് നിയമനത്തിനായി നൽകിയ അപേക്ഷയിലെ വിലാസം നോക്കിയെടുത്ത് അഖിൽ സജീവാണ് വീട്ടിലെത്തിയതെന്ന് ഹരിദാസൻ

Haridasan says he gave one lakh rupee to Akhil Mathew for ayush doctor posting kgn
Author
First Published Sep 27, 2023, 4:00 PM IST

മലപ്പുറം: ഡോക്ടർ നിയമനത്തിന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ച് ഹരിദാസൻ. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി മൊഴിയെടുത്തതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറിയെന്നും ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും ഹരിദാസൻ പറഞ്ഞു.

ആയുഷ് നിയമനത്തിനായി മാർച്ചിലാണ് അപേക്ഷ നൽകിയത്. ഏപ്രിൽ മാസത്തിലാണ് അഖിൽ സജീവ് വീട്ടിലെത്തിയത്. അപേക്ഷയിലെ വിലാസം നോക്കിയെടുത്താണ് ബന്ധപ്പെട്ടത്. നിയമനത്തിന് പണം ആവശ്യപ്പെട്ടാണ് വന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നിയമനം നടക്കുന്നതെന്നും അവിടെയെത്തി പണം നൽകണമെന്നും പറഞ്ഞു. ആദ്യം 75000 രൂപ അഖിൽ സജീവിന് നൽകി. പിന്നീട് താൻ നേരിട്ട് തിരുവനന്തപുരത്ത് പോയി. സെക്രട്ടേറിയേറ്റിന് മുന്നിൽ വച്ച് അഖിൽ മാത്യു തന്റെ കൈയ്യിൽ നിന്നും പണം വാങ്ങി. അതിന് ശേഷം ഓഫീസിലേക്ക് കയറിപ്പോയെന്നും ഹരിദാസൻ പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ ആരെങ്കിലും സംരക്ഷിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മകന്റെ ഭാര്യക്ക് ആയുഷിൽ മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്നാണ് ഹരിദാസൻ നേരത്തെ വ്യക്തമാക്കിയത്. 5 ലക്ഷം രൂപ ​ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ 1.75 ലക്ഷം രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. എന്നാൽ അഖിൽ സജീവ് സ്ഥിരം തട്ടിപ്പുകാരനാണെന്നും സിഐടിയു ലെവി ഫണ്ടിൽ നിന്ന് പണം തട്ടിയതിന് പാർട്ടി പുറത്താക്കിയതാണെന്നും സിപിഎം ജില്ലാ നേതൃത്വം വിശദീകരിച്ചു. ആരോപണം വസ്തുതകൾ നിരത്തി പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യു നിഷേധിച്ചുവെന്നാണ് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചത്.

ഡോക്ടർ നിയമനത്തിന് ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം | Bribe | Veena George

Follow Us:
Download App:
  • android
  • ios