ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ രമേശ് ചെന്നിത്തല തള്ളിയതോടെ ഹരിപ്പാട് ഈ തെരഞ്ഞെടുപ്പിലെ താര മണ്ഡലങ്ങളിലൊന്നായി മാറിയിരിക്കുന്നു. അഞ്ചാംവട്ടം ഹരിപ്പാട് ജനവിധി തേടാനൊരുങ്ങുന്ന ചെന്നിത്തലയെ ഒരിക്കല്‍ പോലും ഈ മണ്ഡലം കൈവിട്ടിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് എന്‍എസ് യു ദേശീയ അധ്യക്ഷനായിരിക്കെ 1982 ലാണ് കെ കരുണാകരന്‍ ഹരിപ്പാട് മത്സരിക്കാന്‍ രമേശ് ചെന്നിത്തലക്ക് അവസരം നല്‍കുന്നത്. പേരിനൊപ്പമുള്ള ചെന്നിത്തലയെന്ന ഗ്രാമം ഇപ്പോള്‍ തൊട്ടടുത്തുള്ള ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലാണെങ്കിലും സാമുദായിക സമവാക്യങ്ങളാണ് ഹരിപ്പാട് സീറ്റ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ലീഡറെ പ്രേരിപ്പിച്ചത്. പിന്നീട് 1986 ല്‍ സംസ്ഥാനത്തെ ഏറ്റവു പ്രായം കുറഞ്ഞ മന്ത്രിയായും ചെന്നിത്തലക്ക് തിളങ്ങാനായി. 1987 ല്‍ വീണ്ടപും ഹരിപ്പാടു നിന്നും ജയിച്ചുവെങ്കിലും 89 ല്‍ ഹരിപ്പാടിനെ ഉപേക്ഷിച്ച് കോട്ടയത്തു നിന്നും ലോകസഭാംഗമായി.

2011 മുതല്‍ പിന്നീടങ്ങോട്ട് രമേശ് ചെന്നിത്തലക്ക് ഒപ്പമാണ് ഹരിപ്പാട്. റോഡുകള്‍ അടക്കം നിരവധി വിസകന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. നാട്ടുകാര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന നേതാവ് എന്ന നിലയിലേക്ക് ഹരിപ്പാട് രമേശ് ചെന്നിത്തല ഉയര്‍ന്നു. ഇത്തവണ ഹരിപ്പാട് ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചെന്നിത്തലയുടെ വരവ്.കഴിഞ്ഞ തവണ 18621 വോട്ടുകള്‍ക്കാണ് ജയം. എന്നാല്‍ ബിജെപിക്ക് ഹരിപ്പാട് വോട്ടുകുറഞ്ഞത് രഹസ്യ ധാരണയുടെ ഭാഗമാണെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.