കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ കുടുംബം. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചത്, മുഖ്യമന്ത്രി നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചാണെന്ന് കുടുംബം ആരോപിച്ചു. മെഡിക്കൽ കോളേജിനെതിരെ തങ്ങൾ നൽകിയ പരാതി വ്യാജമാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അതുകൊണ്ടാകും അന്വേഷണം ഈ രീതിയിൽ അവസാനിക്കപ്പെട്ടത്. 

ജൂലൈ 20നാണ് ഹാരിസ് മരിച്ചത്. പൊലീസ് നൽകിയ റിപ്പോർട്ടിൽ ജൂലൈ 24 എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മറ്റേതെങ്കിലും ഹാരിസിന്റെ മരണമാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമെന്നും ഹാരിസിന്റെ കുടുംബം വ്യക്തമാക്കി. 

കളമശ്ശേരി മെഡിക്കൽ കേളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗികൾ മരിച്ചതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസും,ആരോഗ്യവകുപ്പും നൽകുന്ന റിപ്പോർട്ട്. രോഗികളുടെ മരണം കൊവിഡ് ആന്തരിക അവയവങ്ങളെ ബാധിച്ചത് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്‍റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസും അറിയിച്ചിട്ടുണ്ട്.