സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി. പാർട്ടി എല്ലാക്കാലത്തും വർഗീയതകൾക്കും എതിരാണ് എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദ പ്രകടനം നടത്തിയത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സജി ചെറിയാൻ പറഞ്ഞത് സി പി എം നിലപാടല്ലെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞുവച്ചത്. എല്ലാക്കാലത്തും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി പി എം. ഇന്നലെയും ഇന്നും നാളെയും വർഗീയതക്കെതിരെ പോരാടുന്നതിൽ മുന്നിൽ നിൽക്കുന്ന പാർട്ടിയാണ് സി പി എം. എന്നും അത് അങ്ങനെയായിരിക്കും. ഇക്കാര്യത്തിൽ വ്യത്യസ്തമായ എന്തെങ്കിലും നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതൊന്നും പാർട്ടി നിലപാടല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണോ സജി ചെറിയാൻ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അല്ലാതെ പിൻവലിക്കുമോ എന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.

എം വി ഗോവിന്ദൻ പറഞ്ഞത്

ന്ത്യയിൽ വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി പി എം. ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയതക്കും എതിരാണ് എല്ലാക്കാലത്തും സി പി എം. വലതുപക്ഷ മാധ്യമങ്ങളടക്കം ചേർന്ന് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സി പി എം വർഗീയതയുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണമാണ് നടത്തുന്നത്. ആ പ്രചാരവേല ഞങ്ങൾ അന്നും ഇന്നും അഗീകരിക്കില്ല. എല്ലാക്കാലത്തും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി പി എം. ഇക്കാര്യത്തിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതൊന്നും പാർട്ടി നിലപാടല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

സജി ചെറിയാൻ വിവാദ പ്രസ്താവനവും പിൻവലിക്കലും ഇങ്ങനെ

അതേസമയം വര്‍ഗീയ ധ്രുവീകരണം അറിയാൻ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കാൻ പറഞ്ഞ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഉയര്‍ന്നത് കനത്ത പ്രതിഷേധവും കടുത്ത വിമര്‍ശനവുമായിരുന്നു. വര്‍ഗീയ പ്രസ്താവന സി പി എം അനുകൂലികളെ പോലും ഞെട്ടിച്ചു. എന്നിട്ടും മന്ത്രി തിരുത്താത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിലും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സജിയെ തിരുത്താത്തത് എന്തെന്ന് സംശയങ്ങളും ഉയര്‍ന്നു. സജിയുടെ വാക്കുകള്‍ ബൂമറാംഗായതോടെയാണ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാൻ പാര്‍ട്ടിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചതെന്നാണ് വ്യക്തമാകുന്നത്. മൂന്ന് ദിവസം കഴിഞ്ഞാണ് പ്രസ്താവന മന്ത്രി സജി ചെറിയാൻ പിന്‍വലിച്ചത്. തന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് വാര്‍ത്താക്കുറിപ്പിൽ സജിയുടെ വാദം. ഒരു വിഭാഗത്തിനെതിരെ താൻ പറഞ്ഞെന്ന പ്രചാരണമുണ്ടായി. തന്‍റെ പൊതു ജീവിത്തെ വര്‍ഗീയതയുടെ ചേരിയിൽ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ല. 42 വര്‍ഷത്തെ പൊതു ജീവിതം ഒരു വര്‍ഗീയതയോടെയും സമരസപ്പെട്ടല്ല കടന്നു പോയത്. വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്‍റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കി. താൻ പറഞ്ഞത് തെറ്റിദ്ധരിച്ച് തന്‍റെ ഉദ്ദേശ്യശുദ്ധിയെ മനസില്ലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയാണ് സജി ചെറിയാൻ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.