വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം

ദില്ലി: കണ്ണൂർ സർവകലാശാല (kannur university)വൈസ് ചാൻസലർ (vicce chncellor)നിയമനത്തിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി(supreme court) പരിഗണിക്കും. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു. പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി, അനുമതി നിഷേധിച്ച് ഗവർണർ


കണ്ണൂർ: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസിലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്. എന്നാൽ ഗവർണറുടെ അധികാരം മറികടന്ന് 71 പഠനബോർഡുകൾ സർവ്വകലാശാലാ നേരിട്ട് പുന:സംഘടിപ്പിച്ചു. കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ഇത് റദ്ദാക്കുകയും നിയമനത്തിനുള്ള അധികാരം ഗവർണർക്കാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ് ഭവനും അനുമതി നിഷേധിച്ചത്. 

ഹൈക്കോടതിക്ക് പിന്നാലെ രാജ് ഭവനിൽ നിന്നും തിരിച്ചടി

ഗവർണറെ നോക്കു കുത്തിയാക്കി സ്വന്തം നിയലിൽ തീരുമാനമെടുക്കാനുള്ള കണ്ണൂർ സർവ്വകലാശാലയുടെ നീക്കം നേരത്തെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങളെത്തിച്ചിരുന്നു. വിസി നിയമനത്തിൽ ഹൈക്കോടതിയിൽ സർക്കാർ നീക്കം വിജയിച്ചപ്പോൾ ബോർഡ് ഓഫ് സ്റ്റഡീസ് നിയനത്തിൽ ഗവർണറുടെ അധികാരം മറികടന്നുള്ള നടപടി ചട്ട ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് വ്യക്തമാക്കുകയായിരുന്നു. 

ബോർഡുകളുടെ നിയമനം ചോദ്യം ചെയ്ത് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. വിജയകുമാറും, അക്കാദമിക് കൗൺസിൽ അംഗം ഡോ:ഷിനോ.പി. ജോസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പഠന ബോർഡുകളുടെ പുനസംഘടനയിൽ രണ്ട് ഗുരുത ചട്ടലംഘനമാണ് ഹർജിക്കാർ ചൂണ്ടികാട്ടിയത്. സർവകലാശാല നിയമമനുസരിച്ച് പഠന ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, എന്നാൽ സിന്റിക്കേറ്റ് ഇത് മറികടന്ന് അംഗങ്ങളെ ശുപാർശചെയ്യുകയും നിയമനം നടത്തുകയും ചെയ്തുവെന്നതാണ് ഒന്നാമതത്തേത്. പഠന ബോർഡിൽ സർക്കാർ, എയിഡഡ് കോളേജുകളിലെ യോഗ്യരായ അധ്യാപകരെ ഒഴിവാക്കി, യുജിസി യോഗ്യതകളില്ലാത്ത സ്വശ്രയ കോളേജ് അധ്യാപകരേയും കരാർ അധ്യാപകരേയും ഉൾപ്പെടുത്തിയെന്നതാണ് രണ്ടാമത്തേത്. ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗവും നാമ നിർദ്ദേശം ചെയ്യപ്പെട്ടവരിലുണ്ടെന്നും ഹർജിക്കാർ ചൂണ്ടികാട്ടി. ഹർജിക്കാരുടെ വാദങ്ങളിൽ ഗവർണ്ണർ സ്വീകരിച്ച നിലപാടും നിർണ്ണായകമായി. നിയമനം താൻ അറിയാതെയാണെന്നും സർവകലാശാല നിയമമനുസരിച്ച് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണെന്നും സത്യാവങ് മൂലം നൽകി. 

കഴിഞ്ഞ വർഷം ജൂണിലാണ് 14 ഫാക്കൽട്ടികളിലായി 72 ബോർഡുകൾ പുനഃസംഘടിപ്പിച്ചത്. 700 പേർ ഉൾക്കൊള്ളുന്ന ബോർഡിന്‍റെ കാലാവധി രണ്ടു വർഷമാണ്. സിപിഎം അനുഭാവികളെ വ്യാപകമായി ബോർഡിൽ തിരുകി കയറ്റിയെന്ന ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു. നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരഗണനയിലിരിക്കെ ചട്ടം ഭേദഗതി ചെയ്ത നിയമ പ്രശ്നം മറി കടക്കാനും സിൻഡികേറ്റ് ശ്രമിച്ചിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ശുപാർശ ചെയ്യേണ്ടത് ഗവർണ്ണറാണെന്ന ഭാഗം സർവ്വകലാശാല നിയമത്തിൽ നിന്ന് നീക്കുകയായിരുന്നു.