എറണാകുളം: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതി കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. ഇന്നുതന്നെ യോഗം ചേർന്ന്  അന്വേഷണം എങ്ങനെ നടത്തണം എന്ന് തീരുമാനിക്കും. പ്രാഥമിക അന്വേഷണം തുടങ്ങിയതായി കളമശ്ശേരി സിഐ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ റംല ബീവി ആണ് അന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം.  ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നും കളമശ്ശേരി മെഡിക്കൽ കേളേജ് അധികൃതർ പറഞ്ഞു. എന്നാല്‍ ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നെന്നും സത്യംപറഞ്ഞ നഴ്‍സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്‍മ പറയുന്നു. വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ  ഉണ്ടായിട്ടുണ്ട്. ചില  നഴ്സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്‍മ പറഞ്ഞു.