പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനം. പിന്നാലെ തിരിച്ചടിച്ച് വി ശിവൻകുട്ടി. സിപിഐ മുന്നണിയെ ശക്തിപ്പെടുത്താൻ താല്പര്യപ്പെടാത്ത പാർട്ടിയെന്ന് ശിവൻകുട്ടി.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം. പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്ന് സത്യൻ മൊകേരിയുടെ വിമർശനം. മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചില്ല. താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് നല്ലതല്ല. പിണറായിയുടെ പ്രസ്താവന കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
ലേഖനത്തിന് പിന്നാലെ സിപിഐയെ കടന്നാക്രമിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മുന്നണിയെ ശക്തിപ്പെടുത്താൻ താല്പര്യപ്പെടാൻ ശ്രമിക്കാത്ത പാർട്ടിയാണ് സിപിഐ എന്നും സിപിഐ രാഷ്ട്രീയ മര്യാദ ലംഘിച്ചുവെന്നും ശിവൻകുട്ടി തിരിച്ചടിച്ചു. ജനയുഗത്തിൽ അച്ചടിച്ചുവന്ന സത്യൻ മുകേരിയുടെ ലേഖനം നിർഭാഗ്യകരമെന്നും ശിവൻകുട്ടി പറഞ്ഞു. പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണ്. മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ പത്രങ്ങളിലൂടെ പറയുന്നു. പി എം ശ്രീയിലും അങ്ങനെ സംഭവിച്ചു. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം ഉള്ള കാലം ഒക്കെ സിപിഎം ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അത് മാറേണ്ട സാഹചര്യം ഇല്ലെന്നും ശിവൻകുട്ടി തുറന്നടിച്ചു.
